Chengannur By Election Results 2108: ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്. ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ് ചെങ്ങന്നൂരിലേതെന്നും സജി ചെറിയാന് പ്രതികരിച്ചു. തന്റെ വിജയമല്ലെന്നും ഇടതു പക്ഷത്തിന്റെ വിജയമാണെന്നും സര്‍ക്കാരിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനം അംഗീകരിച്ചെന്നും കോണ്‍ഗ്രസ് അനുഭാവികളും എല്‍ഡിഎഫിന് വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിലെ ജനം തനിക്കൊപ്പം നിന്നെന്നും എതിരാളികളുടെ പ്രചരണങ്ങള്‍ക്ക് ജനം മറുപടി നല്‍കിയെന്നും പറഞ്ഞ സജി ചെറിയാന് മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള മന്ത്രിമാര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ചെങ്ങന്നൂരിൽ യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിലെല്ലാം എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ വ്യക്തമായ മേൽക്കൈയാണ് നേടിയത്. യുഡിഎഫ് തങ്ങൾക്ക് അനുകൂലമാകുന്ന കരുതിയിരുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളും ഇക്കുറി സജി ചെറിയാന് ഒപ്പം നിന്നു. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിലും സജി ചെറിയാനാണ് മുന്നിലെത്തിയത്. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
ചെങ്ങന്നൂർ, മാന്നാർ, പാണ്ടനാട്, തിരുവൻവണ്ടൂർ എന്നീ പഞ്ചായത്തുകളിലെല്ലാം എൽഡിഎഫിന് ഭൂരിപക്ഷം നേടാനായി. ചെങ്ങന്നൂരിൽ തുടക്കം മുതൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനാണ് മുന്നിട്ടുനിന്നത്. ഒരിക്കൽപ്പോലും അദ്ദേഹത്തിന്റെ ലീഡ് താഴെ പോയില്ല.
അതേസമയം, ബിജെപി-എല്‍ഡിഎഫ് സഖ്യമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെന്ന് യൂഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ പറഞ്ഞു. വ്യാപകമായി കള്ളവോട്ട് നടന്നെന്നും ഇത് തടയാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫ് വിലയ്ക്കു വാങ്ങിയെന്നായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി ശ്രീധരന്‍പിള്ളയുടെ പ്രതികരണം.
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സജി ചെറിയാന് വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സജി ചെറിയാന് 5420 വോട്ടിന്റെ വന്‍ ലീഡുണ്ട്. കോണ്‍ഗ്രസ് രണ്ടാമതും ബിജെപി മൂന്നാമതും തുടരുകയാണ്. വോട്ടെണ്ണല്‍ ഘട്ടത്തില്‍ ഒരിക്കല്‍ പോലും യുഡിഎഫിനോ ബിജെപിയ്ക്കോ ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല.