തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതില്‍ വിമര്‍ശനുമായി പ്രതിപക്ഷം. സിപിഎമ്മിന്റെ തീരുമാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. “അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സിപിഎം ജനങ്ങളെ പരിഹസിക്കുകയാണ്,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.
“ഭരണഘടനയേയും ഭഭരണഘടനാശില്‍പ്പികളേയും അവഹേളിച്ച വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെയുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നടപടികള്‍,” സതീശന്‍ ആരോപിച്ചു.
കോടതിയുടെ തീരുമാനം വരും മുമ്പേ സജി ചെറിയാന്റെ മന്ത്രി സ്ഥാന വിഷയത്തിൽ സിപിഎം തീരുമാനം എടുത്തത് തെറ്റാണെന്ന് വടകര എംപി കെ മുരളീധരൻ പറഞ്ഞു. ഭരണഘടനയെ വിമർശിക്കുകയല്ല അവഹേളിക്കുകയാണ് സജി ചെറിയാൻ ചെയ്തത്. സജി ചെറിയനെ മന്ത്രിയാക്കിയാൽ വീണ്ടും ആരെങ്കിലും കോടതിയിൽ പോയാൽ രാജി വക്കേണ്ട സ്ഥിതിയുണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാന്‍ തിരിച്ചെത്തുന്നത് ധാര്‍മികമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല എംഎല്‍എ പ്രതികരിച്ചു.
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തിക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണുണ്ടായത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞ തീയതി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും തീരുമാനിക്കുക. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിക്കുകയും ചെയ്തു.
സംഭവുമായി ബന്ധപ്പെട്ട കേസില്‍ സജി ചെറിയാന് അനുകൂലമായിട്ടായിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സജി ചെറിയാന്‍ ഭരണഘടനെ അവഹേളിച്ചില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെ സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരെ വിമര്‍ശനം ഉന്നിയിച്ചത്. തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ടായി.