തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയിലേക്ക് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് നാലു മണിയോടെ രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ നടന്നത്. സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.
കഴിഞ്ഞ ജൂലൈയിലാണ് ഭരണഘടനയെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിന് പിന്നാലെ സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്കുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്. വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം തുറന്നു പറഞ്ഞു. മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. നിലവിലുള്ളത് അസാധരണമായ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടിയ ശേഷമായിരുന്നു സജി ചെറിയാന്റെ കാര്യത്തില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുത്തത്. ശുപാര്‍ശ തള്ളിയാല്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നാണ് അറ്റോര്‍ണി ജനറല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിയമോപദേശം.
മുഖ്യമന്ത്രി ശുപാര്‍ശ നല്‍കി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഗവര്‍ണര്‍ പച്ചക്കൊടി കാണിച്ചത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സജി ചെറിയാന്റെ മന്ത്രിസഭ പുനഃപ്രവേശനവും അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെയെടുക്കുന്നത് അധാര്‍മികമായ കാര്യമാണെന്നായിരുന്നു പ്രതിപക്ഷ നിരീക്ഷണം. സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കളാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല.
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാനെ തിരിച്ചെടുക്കാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കേസില്‍ സജി ചെറിയാന് അനുകൂലമായിട്ടായിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിസഭയിലേക്കെത്താന്‍ സജി ചെറിയാന് അവസരമൊരുങ്ങിയത്.
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ടായി.