തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നല്കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് രാജ്ഭവന് ഔദ്യോഗികമായി മറുപടി നല്കി. സജി ചെറിയാന് നാളെ മന്ത്രിയായി അധികാരമെല്ക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ ആശങ്കകള്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതൊരു അസാധാരണ സാഹചര്യമാണെന്നും ഗവര്‍ണര്‍.
ആറ്റോര്‍ണി ജനറിലിനോടും സ്റ്റാന്‍ഡിങ് കൗണ്‍സിലിനോടും ഗവര്‍ണര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. നാളെ വൈകുന്നേരം നാല് മണിക്കായിരിക്കും സജി ചെറിയാന്റെ സത്യപ്രതിജ്ഞ എന്നാണ് ലഭിക്കുന്ന വിവരം. സജി ചെറിയാന് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയായിരിക്കും നല്‍കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗവര്‍ണര്‍ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എടുത്തത്. ഗവര്‍ണറും ശരിയായ രീതിയില്‍ മുന്നോട്ട് പോകണം. നിയമപരമായി കൈകാര്യം ചെയ്യുമ്പോൾ പ്രശ്നമുണ്ടാകില്ലെന്നും നിയമവിരുദ്ധമായി കൈകാര്യം ചെയ്യുമ്പോഴാണ് പ്രശ്നമുണ്ടാകുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
നിയമത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ ഏറെ നാളായ അലോസരപ്പെടുത്തുകയാണ് ഗവര്‍ണര്‍. അതിനെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായി എതിര്‍ക്കുന്നത്. ഭരണഘടനയെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. അതിനപ്പുറത്ത് ഒന്നും പറയാനില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാനെ തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്. സംഭവുമായി ബന്ധപ്പെട്ട കേസില്‍ സജി ചെറിയാന് അനുകൂലമായിട്ടായിരുന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിസഭയിലേക്കെത്താന്‍ സജി ചെറിയാന് അവസരമൊരുങ്ങിയത്.
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന് ഭരണഘടനയ്ക്കെതിരെ വിമര്‍ശനം ഉന്നിയിച്ചത്. തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്നും സജി ചെറിയാന് പറഞ്ഞു. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ടായി.