ആന്തൂർ: സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരിൽ തനിക്കും കുടുംബത്തിനുമെതിരെ വ്യാപകമായി അപവാദ പ്രചാരണങ്ങൾ നടക്കുകയാണെന്ന് ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീന. ഓരോ ദിവസവും ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണ്. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്തയായി വരുന്നതില്‍ ദുഃഖമുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കിയെന്നാണ് വാര്‍ത്ത പുറത്തുവന്നത്. എന്നാൽ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് കുട്ടികള്‍ പറയുന്നത്.ഇത് തുടർന്നാൽ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നും ബീന പറഞ്ഞു.
സാജന്റെ പണം മുഴുവൻ കൺവെൻഷൻ സെന്ററിൽ നിക്ഷേപിക്കുകയായിരുന്നു. മരിക്കുന്നതിന് തലേദിവസം വരെ തന്നോട് പറഞ്ഞത് കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് കിട്ടാന്‍ പോകുന്നില്ലെന്നാണ്. അതല്ലാതെ വേറൊരു പ്രശ്നമില്ല. അന്വേഷണം വഴി തിരിച്ചു വിടുകയെന്നതാണ് ഇത്തരം വാർത്തകളുടെ ലക്ഷ്യം. കുടുംബപ്രശ്നങ്ങളുണ്ടെന്ന മൊഴി താൻ ആർക്കും നൽകിയിട്ടില്ലെന്ന് മകളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.