കണ്ണൂര്‍: ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി. ആന്തൂര്‍ നഗരസഭയാണ് അനുമതി നല്‍കിയത്. സാജന്റെ ഉടമസ്ഥതയിലുള്ള പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിനാണ് നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. ആറ് മസത്തിനകം വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്ന ഉപാധിയോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.

Read Also: ആത്മഹത്യ ചെയ്ത സാജന്റെ ഓഡിറ്റോറിയത്തില്‍ നാല് ചട്ടലംഘനം

കണ്‍വെന്‍ഷന്‍ സെന്ററിന്റെ രൂപരേഖ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അതിനു ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്. നിര്‍മാണം നടക്കാന്‍ പാടില്ലാത്ത സ്ഥലത്താണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ഇത് മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് മാസത്തിനകം ഇത് പൊളിച്ചുനീക്കി മറ്റൊരു സ്ഥലത്ത് പണിയാമെന്ന് സാജന്റെ കുടുംബം ബോണ്ട് വച്ച് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. സാജന്റെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണ സംഘം നഗരസഭ ഓഫീസിലെത്തി ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമളയില്‍ നിന്ന് മൊഴിയെടുത്തു.

സാജന്റെ കെട്ടിടത്തില്‍ നാല് ചട്ടലംഘനങ്ങളുണ്ടെന്നാണ് നേരത്തെ കണ്ടെത്തിയത്.  ചീഫ് ടൗണ്‍ പ്ലാനര്‍ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ അടങ്ങിയിരിക്കുന്നത്. പാര്‍ഥ ഓഡിറ്റോറിയത്തിലേക്കുള്ള റാമ്പിന്റെ ചരിവ് കുറവാണ്. ബാല്‍ക്കണിയുടെ കാര്‍പ്പറ്റ് ഏരിയ കൂടുതലാണ്. ആവശ്യത്തിന് ശുചിമുറികളില്ല എന്നിവയാണ് റിപ്പോര്‍ട്ടില്‍ പറയുന്ന ന്യൂനതകള്‍. ഇത് പരിഹരിച്ചാല്‍ അനുമതി നല്‍കാമെന്ന് ചീഫ് ടൗണ്‍ പ്ലാനര്‍ അറിയിച്ചു. അനുമതി നല്‍കാതെ നീട്ടികൊണ്ടുപോകാന്‍ മാത്രം ഗുരുതരമായ ചട്ടലംഘനങ്ങളല്ല ഇവ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.