കണ്ണൂർ: ജീവനൊടുക്കിയ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ഡയറി കണ്ടെത്തി. ആത്മഹത്യയിലേക്ക് നിര്‍ണായക തെളിവായേക്കാവുന്ന ഡയറിയാണ് അന്വേഷണ സംഘം സാജന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തതെന്നാണ് അറിയുന്നത്. ആത്മഹത്യയ്ക്ക് മുന്‍പ് എഴുതിയ കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് സൂചന.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ഉദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായി സാജൻ നേരിട്ട പ്രതിസന്ധികളും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാകും ഡയറി. ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണം മുന്നോട്ട് പോവുക. പി.കെ.ശ്യാമളയെ ചോദ്യം ചെയ്യുന്നതിലടക്കമുള്ള തീരുമാനവും പിന്നീടാകും.

അതേസമയം, കണ്‍വെന്‍ഷന്‍ സെന്‍ററിന് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ അനുമതി ലഭിച്ചേക്കും. ആന്തൂർ നഗരസഭാ ഓഫീസിലും പരിശോധന നടന്നു. ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ നഗരസഭാ സെക്രട്ടറിയായി മട്ടന്നൂർ നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എൻജിനീയറായി തളിപ്പറമ്പ് മുനിസിപ്പൽ എൻജിനീയറും താൽക്കാലിക ചുമതലയേറ്റു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.