തൊടുപുഴ: കേരളത്തില്‍ തന്നെ ആദ്യമായി സൈന്ധവ മുദ്രകളോട് സാമ്യമുള്ള മുദ്രകള്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിന് സമീപത്തു നിന്നു കണ്ടെത്തി. സിന്ധുനദീതട സംസ്‌കാരത്തിന്റെ ഒപ്പമോ ഒരു പക്ഷേ അതിലും പഴയതോ ആയ ഒരു വിഭാഗം ജനത തെക്കേ ഇന്ത്യയിലും ജീവിച്ചിരുന്നുവെന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള തെളിവുകളാണ് ലഭിച്ചതെന്ന് ഗവേഷകനും നെടുങ്കണ്ടം ഇന്‍ ചാര്‍ജുമായ രാജീവ് പുലിയൂര്‍ പറഞ്ഞു.
നെടുങ്കണ്ടത്തിനടുത്തുള്ള ചക്കക്കാനത്ത് മലയുടെ മുകളില്‍ നാലു സ്ഥലങ്ങളില്‍ നിന്നുള്ള മഹാശിലാസ്മാരകങ്ങളില്‍ നിന്നാണ് സൈന്ധവ മുദ്രകളോടു സാമ്യമുള്ള മുദ്രകള്‍ കണ്ടെത്തിയത്. ഒരാള്‍ പൊക്കവും നാലടിയോളം വീതിയുമുള്ള കല്ലുകള്‍ 37 എണ്ണം കുത്തി നിര്‍ത്തിയ രീതിയിലും നിരവധി എണ്ണം ചരിഞ്ഞു കിടക്കുന്നതായുമാണ് മലയില്‍ കാണുന്നത്. ഇത്തരത്തില്‍ കാണുന്ന കല്ലുകളില്‍ പലതിലും ചിത്രീകരണങ്ങളുണ്ട്. കല്ലില്‍ മുക്കാല്‍ ഇഞ്ചോളം വലിപ്പത്തിലും അരയിഞ്ചോളം ആഴത്തിലുമുള്ള കോറലുകളാണുള്ളത്. കേരളത്തിലെ മഹാ ശിലാസ്മാരകങ്ങളില്‍ നിന്ന് സൈന്ധവ സാദൃശ്യമുള്ള മുദ്രകള്‍ ലഭിക്കുന്നത് ആദ്യമായാണെന്നും തെക്കേ ഇന്ത്യയില്‍ അപൂര്‍വമായാണ് മഹാശിലാസ്‌മാരകങ്ങളില്‍ ചിത്രീകരണം കാണപ്പെടുന്നതെന്നും രാജീവ് പുലിയൂര്‍ പറഞ്ഞു.
കല്ലുകളുടെ മുകളില്‍ ചതുരാകൃതിയില്‍ ഒരടിയോളം വലിപ്പമുള്ള സമചതുരാകൃതിയുടെ നടുവില്‍ വൃത്തവും വൃത്തമദ്ധ്യത്തില്‍ ബിന്ദുവുമുണ്ട്. മലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പാറയില്‍ കാണപ്പെടുന്ന ഈ ചിത്രത്തിന് പടിഞ്ഞാറ് ഭാഗത്തേക്കു നീങ്ങുന്നതായി സൂചന നല്‍കുന്ന വിധത്തില്‍ ആരോ മാര്‍ക്കോ ശംഖുമുദ്രയോ പോലെയുള്ള ചിഹ്നമുണ്ട്. സൈന്ധവ ലിപിയുടെ പഠനങ്ങളുമായി ബന്ധപ്പെട്ട് ഈ ചിത്രീകരണത്തെക്കുറിച്ച് നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്. സൂര്യന്‍, നക്ഷത്ര സമൂഹങ്ങള്‍, കുടുംബം, സുരക്ഷിത സ്ഥലം, കളം, കളത്രം, ലിംഗാരാധന, ശക്തിയാരാധന, തുടങ്ങിയ വസ്തുതകളുമായി ബന്ധപ്പെട്ട് പല നിരീക്ഷകരും ഈ മുദ്രകളെ വിശദീകരിച്ചിട്ടുണ്ട്.
അസ്‌കോ പര്‍പോള മുതല്‍ ഐരാവതം മഹാദേവന്‍ വരെയുള്ളവരുടെ സൈന്ധവമുദ്രകളുടെ ദ്രാവിഡ പഠനങ്ങളെ കൂടുതല്‍ ശരി വയ്ക്കുന്നതാണ് നെടുങ്കണ്ടത്തെ കണ്ടെത്തലെന്നും, ദ്രാവിഡ ഭാഷാ പഠനങ്ങളുമായും ഈ ലിപിയെ ബന്ധപ്പെടുത്താമെന്നും രാജീവ് പുലിയൂര്‍ പറഞ്ഞു. നെടുങ്കണ്ടത്തെ മുദ്രകള്‍ക്ക് ഏകദേശം മൂവായിരം വര്‍ഷത്തെ പഴക്കമുണ്ട്. കൃത്യമായ കാലഗണന ശാസ്ത്രീയമായ പരിശോധനയിലൂടെ കണ്ടെത്തിയാല്‍ സൈന്ധവ കാലവുമായുണ്ടായിരുന്ന ബന്ധം കൂടുതല്‍ കൃത്യമായി വിലയിരുത്താനാവുമെന്നും രാജീവ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധരെ പുതിയ കണ്ടെത്തല്‍ സംബന്ധിച്ച് അറിയിച്ചിട്ടുണ്ടെന്നും രാജീവ് പുലിയൂര്‍ വ്യക്തമാക്കി.