കൊച്ചി: ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സത്യം പുറത്തുവരണമെന്ന് ഹൈക്കോടതി. ഗൂഢാലോചനയുണ്ടെങ്കിൽ അതു പുറത്തുകൊണ്ടുവരണമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന ആവശ്യം അപക്വമാണെന്നു കോടതി നിരീക്ഷിച്ചു.
അന്വേഷണം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ എന്തിനാണു ധൃതിപിടിച്ച് ഇത്തരമൊരു ഹർജിയെന്നു കോടതി ചോദിച്ചു. ആരോപണത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം നടത്തുകയെന്നത് സർക്കാരിന്റെ കർത്തവ്യമാണ്. ആരോപണങ്ങൾ നിയമസംവിധാനത്തെ ബാധിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.
ആരോപണത്തിൽ കഴമ്പുണ്ടെന്ന നിലപാട് കോടതിക്കില്ല. ജുഡിഷ്യറിക്കും ജഡ്ജിമാർക്കുമെതിരായ ആരോപണങ്ങളെഎന്ന നിലയിലല്ല കേസ് പരിഗണിക്കുന്നത്. അന്വേഷണം നടക്കട്ടെ. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചാൽ അവയുടെ നിയമസാധുത പരിശോധിച്ച് തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.
ഹര്‍ജിയില്‍ സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടി. ഹർജി ഫയലിൽ സ്വീകരിച്ചില്ല. എന്നാൽ കോഴ ആരോപണത്തെക്കുറിച്ചുള്ള കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് കോടതി പരിശോധിക്കണമെന്നു ഹർജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ ആവശ്യപ്പെട്ടു.