തിരുവനന്തപുരം: സഹോദരനയ്യപ്പന്‍ 1917ല്‍ എറണാകുളം ജില്ലയിലെ ചെറായിയില്‍ സംഘടിപ്പിച്ച മിശ്രഭോജനം ഉണര്‍ത്തിവിട്ടത് അതിശക്തമായ സാമൂഹികചലനങ്ങളായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതീയമായ ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഇതരജീര്‍ണതകള്‍ക്കുമെതിരെ നൂറുവര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ശാസ്ത്രചിന്തയുടെ പിന്‍ബലത്തോടെ സഹോദരന്‍ അയ്യപ്പനെ പോലെയുള്ളവര്‍ പൊരുതാനുണ്ടായി എന്നത് ഏറെ അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“എന്നാല്‍, മിശ്രഭോജനത്തിന്റെ ഘട്ടത്തില്‍നിന്നും നൂറുവര്‍ഷം കൂടി കടന്ന വേളയില്‍ നമ്മുടെ നാടിന്റെ അവസ്ഥ ഏതു തരത്തിലുള്ളതാണ്? ചിലതരം സ്വാമിമാരില്‍നിന്നു സ്ത്രീകള്‍ക്ക് രക്ഷനേടാന്‍ കടുംകൈ പ്രയോഗങ്ങള്‍ കൂടിയേ തീരൂ എന്ന നിലയാണുള്ളത്. ദുര്‍മന്ത്രവാദത്തിലൂടെ സ്ത്രീകളെ ചില പ്രാകൃതന്മാര്‍ കൊന്നുതള്ളുന്നു. ധനാകര്‍ഷണയന്ത്രവും ധനലക്ഷ്മി പീഠവും മറ്റും പരസ്യങ്ങള്‍ കണ്ടു വാങ്ങി സൂക്ഷിച്ച് സമ്പന്നരാകാമെന്നും പലരും കരുതുന്നു. ദാരിദ്ര്യത്തില്‍നിന്നു മോചനം കിട്ടാനുള്ള വഴി വലംപിരി ശംഖുവാങ്ങി വീട്ടില്‍വെക്കുക എന്നതാണെന്നു ചിലരെങ്കിലും ചിന്തിക്കുന്നു. ചൊവ്വാദോഷത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ വിവാഹം മുടക്കുന്നു. അക്ഷയതൃത്രീയ നോക്കി ജുവലറികളിലേക്ക് ആളുകള്‍ തള്ളിക്കയറുന്നു. മതപഠനത്തിന്റെ മറവില്‍ പീഡനങ്ങള്‍ നടക്കുന്നു. ശാസ്ത്രമേറെ മുന്നേറിയ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രാകൃതമായ ഒരു സാമൂഹ്യാവസ്ഥയിലേക്കു കൂപ്പുകുത്തുകയാണോ നമ്മുടെ നാട്? ഏതെങ്കിലും ഒരു സമുദായവുമായി ബന്ധപ്പെട്ടു മാത്രമല്ല, പല സമുദായങ്ങളുമായി ബന്ധപ്പെട്ടും ഇത്തരം വ്യാജ ആത്മീയവേഷങ്ങള്‍ അലറിവിളിച്ചു നടക്കുന്നുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

“സാങ്കേതികവിദ്യയുടെ സുവര്‍ണകാലം എന്നൊക്കെ നാം പറയുമ്പോഴും ഈ കാലം ശ്രദ്ധേയമാവുന്നത് ദളിതരെ കൊല്ലുകയും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന ക്രൂരത കൊണ്ടാണ് എന്നതു മനുഷ്യത്വത്തെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്. ഈ സമയത്ത് മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന് പ്രാധാന്യമേറെയാണ്. മനുഷ്യരെല്ലാം തുല്യരാണെന്നും ഒരുവിധ ഭേദചിന്തയും പാടില്ലെന്നുമുള്ള സന്ദേശം പ്രായോഗികതലത്തില്‍ നടപ്പാക്കാനായിരുന്നു ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ സഹോദരനയ്യപ്പന്‍ മിശ്രഭോജനത്തിലൂടെ ശ്രമിച്ചത്”, മുഖ്യമന്ത്രി വ്യക്തമാക്കി.

“ജാതിവിവേചനമെന്ന് കേള്‍ക്കുമ്പോള്‍ പലരും കരുതുക സവര്‍ണര്‍ അവര്‍ണര്‍ക്കെതിരെ ആചരിച്ചിരുന്ന ഒന്നായിരുന്നു അത് എന്നാണ്. അവര്‍ണ സമുദായത്തിലും തരംതിരിവുകളുണ്ടായിരുന്നു. താഴേതട്ടിലുള്ളവരെ അകറ്റിനിര്‍ത്തുമായിരുന്നു. ഈഴവര്‍ അവര്‍ക്കു താഴെയുള്ള ജാതിയില്‍പ്പെട്ടവര്‍ക്കൊപ്പമിരുന്ന് ആഹാരം കഴിക്കുമായിരുന്നില്ല. അത്തരമൊരു കാലത്താണ് ഏറ്റവും താഴത്തെ തട്ടില്‍ എന്നു മുദ്രയടിക്കപ്പെട്ടു നീക്കിനിര്‍ത്തിയിരുന്നവരെ വരെ ഒപ്പമിരുത്തി സഹോദരനയ്യപ്പന്‍ മിശ്രഭോജനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“നൂറ്റാണ്ടുകളായി അടിമത്തം പേറി നടന്നിരുന്നവരുടെ വിമോചനത്തിനായുള്ള കാഹളം മുഴക്കലായി അത്. സമൂഹത്തിലെ വലിയ ഒരു വിഭാഗത്തിന് വിദ്യാസ്വാതന്ത്ര്യമോ സാമൂഹിക സ്വാതന്ത്ര്യമോ സഞ്ചാരസ്വാതന്ത്ര്യമോ മറ്റുള്ളവര്‍ക്ക് ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല. ജാതികള്‍ തമ്മിലും ജാതിക്കുള്ളിലുള്ള സമാന്തര ജാതികള്‍ തമ്മിലും അകലം ആചരിച്ചിരുന്ന കാലം. അങ്ങനെ സമൂഹത്തിന്റെ അടിത്തട്ടില്‍ ആണ്ടുപോയവര്‍ക്ക് ആത്മാഭിമാനവും സമത്വബോധവും പകര്‍ന്നുകൊടുക്കലായിരുന്നു മിശ്രഭോജനത്തിന്റെ ചരിത്രപരമായ ഉദ്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“കേരളത്തില്‍ പുരോഗമനരാഷ്ട്രീയത്തിന്റെ വിത്തുവിതച്ചതും സമൂഹത്തില്‍ യുക്തിചിന്ത പടര്‍ത്തിയതും സഹോദരനയ്യപ്പനാണ്. ദീര്‍ഘവീക്ഷണത്തോടെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്ത ഭരണാധികാരി കൂടിയായിരുന്നു സഹോദരനയ്യപ്പന്‍. പത്രപ്രവര്‍ത്തനത്തെ സമൂഹത്തെ മാറ്റിമറിക്കാനുള്ള ആയുധമാക്കിയതും സഹോദരനയ്യപ്പനാണ്.

‘ഇന്ത്യന്‍ സംസ്കാരം’ എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞുകൊണ്ടാണ് എല്ലാവിധ സംസ്കാരവിരുദ്ധകാര്യങ്ങളും ചെയ്യുന്നത്. നമ്മുടെ സംസ്കാരം എന്നത് ഇവര്‍ പറയുന്നതല്ല. ശ്രീനാരായണ ഗുരുവും സഹോദരനയ്യപ്പനും അയ്യന്‍കാളിയും വിറ്റിയും ഇഎംഎസും ഒക്കെ കാണിച്ചുതന്നതാണ്. പുതിയകാലത്തെ ശാസ്ത്രബോധത്തോടെ നോക്കിക്കാണുവാന്‍ മിശ്രഭോജനത്തിന്റെ സ്മരണയും സഹോദരനയ്യപ്പന്റെ സാമൂഹിക‌ ഇടപെടലുകളും ഊര്‍ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.