തിരുവനന്തപുരം: മഴയുടെ ശക്തി കുറഞ്ഞത് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് ആശ്വാസമേകുകയാണ്. ക്യാംപുകളിൽനിന്നും എത്രയും വേഗം വീടുകളിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് പലരും. സംസ്ഥാനത്താകെ 1,654 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവർത്തിക്കുന്നത്. 83,274 കുടുംബങ്ങളില്‍പ്പെട്ട 2,87,585 പേർ ഈ ക്യാംപുകളിൽ കഴിയുന്നുണ്ട്.

ദുരിതാശ്വാസ ക്യാംപുകളിൽനിന്നും തിരികെ വീട്ടിലേക്ക് എത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മഴവെളളത്തിനൊപ്പം മാലിന്യങ്ങളും ഒഴുകി എത്തിയതിനാൽ വീടും പരിസരവും കുടിവെളള സ്രോതസുകളും മലിനമായിരിക്കും. സൂക്ഷിച്ചില്ലെങ്കിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. കിണറുകളിലെയും ടാങ്കുകളിലെയും ജലം വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക. ആയിരം ലിറ്റര്‍ വെള്ളത്തിന് (ഏകദേശം കിണറിലെ ഒരു തൊടി/ഉറ/റിംഗ്) 5 ഗ്രാം എന്ന കണക്കില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒരു ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ (വെള്ളമുള്ള തൊടികളുടെ എണ്ണം ഗുണം 5 ഗ്രാം) അളന്നെടുത്ത് കുറച്ചു വെള്ളം ചേര്‍ത്ത് അതിനെ ഒരു പേസ്റ്റ് പരുവത്തിലാക്കുക. ബക്കറ്റിന്റെ മുക്കാൽഭാഗം വെള്ളം നിറച്ച് നന്നായി കലക്കിയ ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ ബക്കറ്റ് അനക്കാതെ വയ്ക്കുക. മുകളിലെ തെളിഞ്ഞ വെള്ളം കിണറിലെ തൊട്ടിയിലേക്ക് ഒഴിച്ച് അത് താഴേക്കിറക്കി വെള്ളത്തില്‍ താഴ്ത്തി നന്നായി ഇളക്കിച്ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ ഈ കിണര്‍ വെളളം ഉപയോഗിക്കാന്‍ പാടുള്ളൂ.

2. ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പു മുതൽ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് കൂടുതൽ അപകടം വിളിച്ചുവരുത്തുകയാണ്.

3. ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാൻ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങൾ ഉണ്ടെന്നോ പറയാൻ പറ്റില്ല, കുട്ടികൾക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകും. ഒഴിവാക്കണം

4. റോഡിലോ മുറ്റത്തോ ചെളിയിൽ തെന്നിവീഴാതെ നോക്കണം. പറ്റുമെങ്കിൽ ചെളിയുടെ നിരപ്പിന് മുകളിൽ ഉള്ള ചെരുപ്പുകൾ ധരിക്കണം. വ്യക്ത്തി സുരക്ഷക്ക് വേണ്ടി ഒരു മാസ്ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കിൽ ഒരു തോർത്ത് മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കയ്യിൽ കട്ടിയുള്ള കൈയുറകൾ ഉണ്ടെങ്കിൽ നല്ലതാണ്.

5. മതിലിന്റെ നിർമ്മാണം മിക്കവാറും നല്ല ബലത്തിലല്ല. അതുകൊണ്ടു തന്നെ ഗേറ്റ് ശക്തമായി തള്ളി തുറക്കുന്നത് മതിലിടിഞ്ഞ് അപകടം ഉണ്ടാക്കും. സൂക്ഷിക്കണം.

6. നമ്മുടെ വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കിൽ ഒരിക്കലും അത് കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കിൽ പോലീസിനെ അറിയിക്കണം.

7. വീടിന്റെ ജനാലകൾ പുറത്തുനിന്ന് തുറക്കാൻ പറ്റുമെങ്കിൽ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞ് വേണം അകത്ത് പ്രവേശിക്കാൻ.

8. വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഇലക്ട്രിക്കൽ മെയിൻ സ്വിച്ച് ഓഫ് ചെയ്യണം. ഇലക്ട്രിക്കൽ സ്ഫേറ്റിയെ പറ്റി പിന്നാലെ പറയാം. വീടിനു പുറത്തു നിന്നും പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ ചെയ്യുന്നതെങ്കിൽ അഥവാ ഗ്യാസിന്റെ സിലിണ്ടർ വീടിന് വെളിയിലാണെങ്കിൽ അത് ഓഫ് ചെയ്യണം.

9. വീടിനകത്ത് കയറുന്നതിന് മുൻപ് ഏതെങ്കിലും തരത്തിലുള്ള ഗ്യാസ് ലീക്ക് ഉള്ളതായി (അസ്വാഭാവിക ഗന്ധം) തോന്നിയാൽ വാതിൽ തുറന്ന് കുറെ കഴിഞ്ഞിട്ട് അകത്ത് കയറിയാൽ മതി.

10. ഒരു കാരണവശാലും വീടിനകത്ത് ലൈറ്റർ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും അരുത്.

11. വീടിനകത്തെ എല്ലാ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.

12. ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കിൽ അത് കേടായിക്കാണും, വലിയ ഫ്രീസർ ആണെങ്കിൽ മത്സ്യമാംസാദികൾ അഴുകി മീഥേൻ ഗ്യാസ് ഉണ്ടാകാൻ വഴിയുണ്ട്. ഫ്രീസർ തുറക്കുമ്പോൾ ഈ ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.

13. വീട്ടിൽ ഫ്ലഷും വെള്ള പൈപ്പും വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെകിൽ അതിലൂടെ വരുന്നത് ശുദ്ധജലമാണോ കലക്ക വെള്ളമാണോ എന്ന് ശ്രദ്ധിക്കുക.

14. വീടിന്റെ വാതിലും ജനാലയും വെയിലുള്ള സമയത്ത് തുറന്നിടുക. ശുദ്ധമായ വായു പ്രവഹിക്കട്ടെ.

15. കൈ കാലുകളില്‍ മുറിവുള്ളവര്‍ ഡോക്ടറെ കണ്ട് ഉപദേശം തേടിയതിനു ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.

16. പാചകം ചെയ്യുവാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ തുടങ്ങിയ വസ്തുക്കള്‍ തിളപ്പിച്ച വെള്ളത്തില്‍ ഒരു ശതമാനം ക്ലോറിന്‍ ലായനിയില്‍ 20-30 മിനിറ്റ് വച്ച ശേഷം കഴുകിയെടുത്തതിന് ശേഷം ഉപയോഗിക്കുക.

17. വീടിനു പുറത്ത് ഇറങ്ങുമ്പോഴെല്ലാം നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കുക.

18. തുറസായ സ്ഥലങ്ങളില്‍ തുപ്പുകയോ മലമൂത്ര വിസർജനം നടത്തുകയോ ചെയ്യരുത്.

19. വീടിനകവും പുറവും വൃത്തിയാക്കുക എന്നതാണ് അടുത്ത കാര്യം. ഇത്തരത്തിൽ പ്രവത്തിക്കുന്നത് പകർച്ചവ്യാധികളുൾപ്പടെയുള്ള മാരകരോഗങ്ങളിൽനിന്നും രക്ഷ നേടാൻ നമ്മെ സഹായിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.