തൊടുപുഴ: ഇടുക്കി ഡാമില്‍ വെള്ളം 2400 അടിയിൽ എത്തുന്നതിന് മുമ്പുതന്നെ ആവശ്യമെങ്കില്‍ തുറന്നുവിടുമെന്നും അതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി എം.എം.മണിപറഞ്ഞു. കലക്ടറേറ്റിൽ ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയുമായി ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയടിക്ക് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാന്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കുറച്ച് കുറച്ചായി തുറന്നുവിടുന്നതാണ് പ്രായോഗികമെന്നും അതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡാം തുറക്കും മുമ്പ് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യും. ഷട്ടറുകള്‍ ആദ്യമായി തുറക്കേണ്ടിവന്നാല്‍ രാത്രിയില്‍ തുറക്കാതെ അത് പകല്‍സമയത്തുതന്നെ ആക്കുമെന്നും മന്ത്രി പറഞ്ഞു. ഡാം തുറന്നുവിടുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എത്ര വീടുകളെ ബാധിക്കുമെന്നത് സംബന്ധിച്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സര്‍വേ നടത്തി വിലയിരുത്തി വരികയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാ വകുപ്പുകളും ജനപ്രതിനിധികളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

മുൻകരുതൽ നടപടികൾ

ഡാം അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ടിവന്നാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തുറന്നുവിടുന്ന വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാന്‍ നടപടികള്‍ തുടങ്ങിയെന്നും ജില്ലാ കലക്‌ടർ കെ.ജീവൻ ബാബു പറഞ്ഞു. 2400 അടിവരെ ജലനിരപ്പ് ഉയരാന്‍ കാക്കാതെ 2397 മുതൽ 2398 അടി വരെ എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്ന സാധ്യതകളാണ് പരിഗണിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിന് ശേഷമേ ഡാം തുറക്കുകയുള്ളൂ. ജീപ്പില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകള്‍ പുഴയില്‍ പോകുന്നത് ഒഴിവാക്കും. സെല്‍ഫി എടുക്കാനും വീഡിയോ എടുക്കാനും ആളുകള്‍ മുതിരുന്നത് നിരുത്സാഹപ്പെടുത്തും. ഇതിനായി ബോധവല്‍ക്കരണം നടത്തും. ഇതിനുമുമ്പ് ഡാം തുറന്നത് വെള്ളം 2401അടിയിൽ എത്തിയപ്പോഴാണെന്നും അന്ന് അഞ്ച് ഗേറ്റുകളും അരമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് വിട്ടത് എന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

പൊലീസിന്റെ ഗതാഗതക്രമീകരണങ്ങൾ

ഡാം തുറക്കുന്നതോടെ ചെറുതോണി പാലം അപകടത്തിലായാല്‍ പകരം ഗതാഗതക്രമീരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാല്‍ അറിയിച്ചു. ചെറുതോണി പാലം അപകടത്തിലായാല്‍ കട്ടപ്പന- തൊടുപുഴ ഗതാഗതം കൊച്ചുകരിമ്പന്‍ പാലം വഴി തിരിച്ചുവിടും. അവിടെയും വെള്ളം കയറിയാല്‍ കട്ടപ്പനയില്‍ നിന്ന് ഏലപ്പാറ, വാഗമണ്‍ വഴി തിരിച്ചുവിടും. അല്ലെങ്കില്‍ കുമിളി, കെകെ റോഡുവഴി ഗതാഗതം ക്രമീകരിക്കും. തൊടുപുഴയില്‍ നിന്നുള്ള മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ മുട്ടം ഏലപ്പാറ വഴി തിരിച്ചുവിടും. വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ഡാമിന് മുകളിലൂടെയുള്ള ഗതാഗതവും പരിഗണിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ചെറുതോണി, കരിമ്പന്‍ പാലങ്ങളിലൂടെ പോകുന്ന ബിഎസ്എന്‍എല്‍ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ സംരക്ഷിക്കാനാവശ്യമായ നടപടികളും ദേശീയപാത അധികൃതര്‍ കൈക്കൊള്ളും.

ഇടുക്കി ഡാം തുറക്കല്‍: വെള്ളമൊഴുകുന്ന വഴികള്‍ പരിശോധിച്ചു

ചെറുതോണി ഡാം തുറക്കേണ്ടി വന്നാല്‍ വെള്ളം ഒഴുകിപ്പോകുന്ന വഴികള്‍ ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധിച്ചു. ചെറുതോണി ഡാം ടോപ്പ് മുതല്‍ പനങ്കുട്ടിവരെയുള്ള സ്ഥലമാണ് ഇറിഗേഷന്‍, വൈദ്യുതി, റവന്യു വകുപ്പുകൾ ചേർന്ന് പരിശോധിച്ചത്. അഞ്ച് പേര്‍ വീതം അടങ്ങിയ 20 സംഘങ്ങളാണ് പരിശോധന നടത്തിയത്. വെള്ളമൊഴുകുന്ന പുഴയുടെ വീതി, തടസ്സങ്ങള്‍, സമീപമുള്ള വീടുകള്‍, കെട്ടിടങ്ങള്‍, വെള്ളം കുത്തനെ ഒഴുകുന്ന സ്ഥലം, പരന്നൊഴുകുന്ന സ്ഥലം തുടങ്ങിയവ സംഘാംഗങ്ങള്‍ പരിശോധിക്കുകയും വിവരശേഖരണം നടത്തുകയും ചെയ്തു.

ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ട അവസ്ഥയുണ്ടായാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി പെരിയാറിന്റെ തീരദേശങ്ങളില്‍ സർവ്വേ നടത്തി.

ചെറുതോണി ഡാം ടോപ്പ് മുതല്‍ ലോവര്‍പെരിയാര്‍ വരെയുള്ള പ്രദേശത്തെ പെരിയാറിന്റെ ഇരുകരകളിലുമുള്ള വീടുകള്‍, താമസിക്കുന്ന ആളുകളുടെ എണ്ണം, അഡ്രസ്, ഫോണ്‍ നമ്പര്‍, കൃഷിയിടം, വൈദ്യുത ലൈനുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വിവരങ്ങളും സർവ്വേയിലൂടെ ശേഖരിച്ചു. ഉയര്‍ന്ന മേഖലകളില്‍ പെരിയാറിന്റെ മധ്യഭാഗത്തുനിന്നും ഇരു ഭാഗത്തേക്കും 50 മീറ്റര്‍ വീതവും താഴ്ന്ന മേഖലയില്‍ 100 മീറ്റര്‍ വീതവും ദൂരത്തിലാണ് സർവ്വേ ക്രമീകരിച്ചത്. വിവരം ശേഖരിക്കുന്നതിനോടൊപ്പം സ്ഥലത്തിന്റെ സ്‌കെച്ച് രേഖപ്പെടുത്തുകയും ചെയ്തു. അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിനുമാണ് വിവരശേഖരണവും സ്ഥലമാപ്പും പ്ലാനും തയ്യാറാക്കുന്നത്.

Read More: മുല്ലപ്പെരിയാര്‍: എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി മണി

ഡാം ടോപ്പ് മുതല്‍ ചെറുതോണി കുതിരക്കല്ല് വരെ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരാണ് സർവ്വേ നടത്തിയത്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററും വിവിധ വകുപ്പുകളിലെ അഞ്ച് പേരടങ്ങിയ ഓരോ ടീം വീതമാണ് സർവ്വേ നടത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, ഇടുക്കി ആര്‍ഡിഒ എം.പി.വിനോദ് എന്നിവര്‍ വെള്ളം കയറാനിടയുള്ള പെരിയാര്‍ തീരദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ