scorecardresearch

എല്ലാം ഒപ്പിയെടുക്കാൻ എഐ ക്യാമറകൾ; ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലി

മോട്ടോർ വാഹന വകുപ്പിന്റെ 726 ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകളാണ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി തയ്യാറായിട്ടുള്ളത്

safe kerala, artificial intelligence, camera, traffic violations,kerala, road,ai camera,fine,AI camera to find traffic violation, Kerala News,

തിരുവനന്തപുരം: ഇനി തോന്നുംപോലെ റോഡിൽ ഡ്രൈവ് ചെയ്യാമെന്നു കരുതേണ്ട. ചെറിയൊരു നിയമലംഘനത്തിനുപോലും പിടി വീഴും. നിയമങ്ങൾ അനുസരിച്ച് സൂക്ഷിച്ച് വണ്ടി ഓടിച്ചില്ലെങ്കിൽ പണി പിഴയുടെ രൂപത്തിൽ വീട്ടിലെത്തും. സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾക്ക് പൂട്ടിടാനുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ക്യാമറകള്‍ ഏപ്രിൽ 20 മുതലാണ് പ്രവർത്തനമാരംഭിക്കുന്നത്.

മോട്ടോർ വാഹന വകുപ്പിൻറെ 726 ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകളാണ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി തയ്യാറായിട്ടുള്ളത്. പിഴ ഈടാക്കാനുള്ള സേഫ് കേരള പദ്ധതി 20ന് ആരംഭിക്കും. കെൽട്രോൺ വഴി നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 232.15 കോടി രൂപയാണ്.

എല്ലാം ഒപ്പിയെടുക്കാൻ 726 ക്യാമറകൾ

726 എഐ ക്യാമറകളാണ് ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽതന്നെ പലതിനും പല ദൗത്യങ്ങളാണുള്ളത്. ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ് 675 ക്യാമറകൾ ഉപയോഗിക്കുന്നത്.

അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാൻ 18 ക്യാമറകളും ഉണ്ടാകും. എല്ലാ ജില്ലയിലും കൺട്രോൾ റൂം സംവിധാനവും ഒരുക്കും. അമിത വേഗം കണ്ടുപിടിക്കുന്നതിനു 4 ഫിക്സഡ് ക്യാമറകളും വാഹനങ്ങളിൽ ഘടിപ്പിച്ച 4 ക്യാമറകളും പ്രവർത്തം ആരംഭിക്കുന്നുണ്ട്.

പിഴ ഈടാക്കുന്നതിങ്ങനെ

  • ഹെൽമെറ്റ് /സീറ്റ്ബെല്‍റ്റില്ലാതെ യാത്ര – 500 രൂപ
  • അമിതവേഗം -1500
  • മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്- 2000
  • അനധികൃത പാർക്കിങ്- 250
  • പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത് – 500
  • മൂന്നുപേരുടെ ബൈക്ക് യാത്ര -1000

ട്രാഫിക് നിയമലംഘനം നടത്തിയാൽ ആ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് അപ്പോൾ തന്നെ മെസേജ് ആയി എത്തും.

ക്യാമറ നിരീക്ഷിക്കുന്നത് എന്തൊക്കെ?

ഹെൽമറ്റും സീറ്റും ബെൽറ്റും മാത്രമേ പ്രശ്നമുള്ളൂവെന്ന് കരുതാൻ വരട്ടെ. ഇത് മാത്രമല്ല ക്യാമറയിൽ പതിയുന്നത്. ക്യാമറ ആദ്യം പിടികൂടുന്നത് ഇത്തരം നിയമലംഘനങ്ങളാണ്.

  • ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര
  • രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്
  • ലൈൻ മറികടന്നുള്ള ഡ്രൈവിങ്
  • സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര
  • മൊബൈലിൽ സംസാരിച്ചുള്ള യാത്ര

റോഡിന്റെ നടുവിലൂടെ നീണ്ട വെള്ള വരയാണ് പോകുന്നതെങ്കിൽ അത് ഓവർടേക്ക് ചെയ്യാൻ പാടില്ല. വിട്ട് വിട്ട് വരകൾ വരുമ്പോൾ മാത്രമാണ് ഓവർടേക്ക് ചെയ്യാൻ പാടുള്ളൂ. വെള്ളവരയ്ക്ക് പകരം മഞ്ഞ വരയാണ് നടുവിലൂടെ പോകുന്നതെങ്കിൽ അവിടെ ഒരു കാരണവശാലും ഓവർടേക്കിങ്ങ് പാടില്ല. വളവുകളിൽ വരകളുടെ അതിർത്തി കടന്ന് ഓവർടേക്ക് ചെയ്യുന്നതിനും പിഴയുണ്ട്. വാഹനം ഓടിക്കുമ്പോൾ ഫോൺ കൈയിൽ എടുത്ത് സംസാരിക്കുന്നതിനാണ് പിഴ ഈടാക്കുന്നത്. ബ്ലൂടുത്തിൽ വഴി സംസാരിക്കുന്നത് പിഴ ഈടാക്കുമോ എന്നതിൽ വ്യക്തയില്ല.

ഇരുചക്രവാഹനയാത്രക്കാർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഹെൽമറ്റ് ധരിച്ചാലും പിഴ വരാം. എങ്ങനെയെന്നോ ഹെൽമറ്റ് സ്ട്രാപ്പ് ശരിയായി ധരിച്ചിലെങ്കിൽ, പുറകിൽ ഇരിക്കുന്ന ആളിന് ഹെൽമറ്റ് ഇല്ലെങ്കിൽ, ധരിച്ച ഹെൽമറ്റ് ഐഎസ്ഐ മാർക്കുള്ളതല്ലെങ്കിൽ അങ്ങനെ പിഴ ഒടുക്കാൻ കാരണങ്ങൾ നിരവധിയാണ്. സൈഡ് ഗ്ലാസ് ഇല്ലെങ്കിൽ പിഴ നൽകണം.

ക്യാമറകളിൽ പതിയുന്ന കേസുകൾ

കഴിഞ്ഞ ഒരു വർഷമായി ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങൾ പതിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു എഐ ക്യാമറയിൽപെട്ടതുകൊണ്ട് അടുത്ത നിയമലംഘനം പിടിക്കില്ല എന്ന ചിന്ത വേണ്ട. നിയമലംഘനങ്ങൾ ക്യാമറകൾ അതുപോലെ അങ്ങ് ഒപ്പിയെടുക്കും. വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നതും, സൈലന്‍സര്‍ പരിഷ്‌കരിക്കുന്നതും ക്യാമറ പിടികൂടും.

പ്രവർത്തനം 24 മണിക്കൂറും

ക്യാമറകളുടെ പ്രവർത്തന സമയം 24 മണിക്കൂറാണ്. രാത്രിയിലും ക്യാമറകൾ പ്രവർത്തിക്കും എന്നർഥം. തിരുവനന്തപുരത്ത് 81, എറണാകുളം 62, കോഴിക്കോട് 60 എന്നിങ്ങനെയാണ് ക്യാമറകളുടെ എണ്ണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Safe kerala artificial intelligence cameras to find traffic violation