തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സയ്യിദ് അക്തര്‍ മിര്‍സയെ നിയമിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനാണ് സയ്യിദ് അക്തര്‍ മിര്‍സ. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് നിയമനം. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവെച്ച ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിവെച്ചത്.
മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ക്ഷണം താന്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്ന് സൈദ് അക്തര്‍ മിര്‍സ പറഞ്ഞു. കേരളത്തിലാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതെങ്കിലും ദേശീയതലത്തില്‍ സ്ഥാപനം പ്രാധാന്യമര്‍ഹിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ നല്ല സുഹൃത്താണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവില്ലല്ലോ എന്നും സയ്യിദ് അക്തര്‍ മിര്‍സ കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുമായും വിദ്യാര്‍ത്ഥികളുമായും നേരിട്ട് ചര്‍ച്ച നടത്തുമെന്നും സയ്യിദ് അക്തര്‍ മിര്‍സ പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന വിവാദങ്ങള്‍ക്കിടെയാണു ശങ്കര്‍ മോഹന്‍ രാജിവച്ചത്. ജാതിവിവേചനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പായിരുന്നു രാജി. ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും വിവാദങ്ങളിലെ അതൃപ്തിയും അറിയിച്ചാണ് അടൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.
ആടിനെ പേപ്പട്ടിയാക്കുകയും ഒടുവില്‍ തല്ലിക്കൊല്ലുകയും ചെയ്യുന്ന പ്രവൃത്തിയാണ് വിഷയത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. സത്യം എന്താണെന്നറിയാന്‍ ആരും ശ്രമിച്ചിട്ടില്ല. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും ജോലിക്കാര്‍ ആരും പട്ടികജാതി വിഭാഗമല്ലെന്നുമായിരുന്നു രാജിവെച്ചൊഴിഞ്ഞ ശേഷമുളള അടൂരിന്റെ പ്രതികരണം. ശങ്കര്‍മോഹനെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിച്ച് പടികടത്തിവിട്ടു എന്നും അടൂര്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു.
ഡയറക്ടര്‍ ശങ്കര്‍ മോഹനെ നീക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഡിസംബര്‍ 5നാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. ജാതി വിവേചനം, മെറിറ്റ് അട്ടിമറി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. ഒടുവില്‍ ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലൂടെയാണ് വിദ്യാര്‍ത്ഥി സമരം ഒത്തു തീര്‍പ്പായത്.