തിരുവനന്തപുരം: രോഗികളോട് ധിക്കാരപൂര്‍വ്വം പെരുമാറിയ ആശുപത്രിയിലെ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഇടുക്കി സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. ആശുപത്രി ജീവനക്കാരി രോഗികളോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ നടപടി. നടപടി എടുത്ത വിവരം മന്ത്രി തന്നെ ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണ്ണമായും രോഗിസൗഹൃദമാക്കാന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കുമ്പോള്‍ ഇത്തരത്തിലുളള പ്രവണത അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആശുപത്രി ജീവനക്കാരി ടോക്കണ്‍ നല്‍കാതെ കഷ്ടപ്പെടുത്തിയത് വൃദ്ധരേയും കൈകുഞ്ഞുങ്ങളുമായി വന്ന അമ്മമാരേയുമാണെന്നും മന്ത്രിപറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് മന്ത്രി അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലാണ് നടപടിക്ക് ആസ്പദമായ സംഭവം. രോഗികള്‍ക്ക് ടോക്കണ്‍ നൽകാത്ത ജീവനക്കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ