മലപുറം : മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പിൽ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിട്ടു നിൽപ്പ് മുസ്‌ലീം ലീഗ് പ്രവർത്തകരിൽ അതൃപ്‌തിയുണ്ടാക്കിയെന്ന് സാദിഖ് അലി തങ്ങൾ. അണികളുടെ അതൃപ്‌തി ലീഗ് ഗൗരവത്തോടെ കാണുന്നു. ലോക്‌സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സംഭവിക്കാൻ പാടില്ലാത്തതാണ്, ഇത് എല്ലാ ജനപ്രതിനിധികൾക്കും ഒരു പാഠമാണെന്നും സാദിഖലി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ജനപ്രതിനിധികൾ വീഴ്ച്ച വരുത്താൻ പാടില്ല. പാർട്ടിയുടെ താൽപര്യത്തിനും രാജ്യത്തിന്റെ താൽപര്യത്തിനും ഇത് എതിരാണ്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുന്നറിയിപ്പുകളുണ്ടാകും. പാർട്ടിയുടെ ഭാഗത്ത് നിന്ന് ലീഗിന്റെ കടമ ഇ.ടി മുഹമ്മദ് ബഷീർ നിർവഹിച്ചു. ബില്ലിനെ എതിർത്ത് ഇ.ടി മുഹമ്മദ് ബഷീർ വോട്ട് ചെയ‌്ത് പാർട്ടി ഉത്തരവാദിത്വം നിർവഹിച്ചു.

കുഞ്ഞാലിക്കുട്ടി പാർട്ടിക്ക് വിധേയനായാണ് പാർട്ടിയിൽ പ്രവർത്തിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ തുടരണമെന്നാണ് ലീഗ് നിലപാട്. നിലവിലെ സ്ഥിതിഗതികൾ കുഞ്ഞാലിക്കുട്ടി, ശിഹാബ് തങ്ങളുമായി ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. അതോടെ വിവാദങ്ങൾ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.