മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി അംഗങ്ങളുടെയും തങ്ങള്‍ കുടുംബാംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. ദേശീയ പ്രസിഡന്റ് കെ.എം.ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്.
പാണക്കാട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് സാദിഖലി തങ്ങളെ ലീഗിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടി, എംപി അബ്ദു സമദ് സമദാനി, പിവി അബ്ദുള്‍ വഹാബ്, പിഎംഎ സലാം തുടങ്ങിയവരും പങ്കെടുത്തു.
ഹൈദരലി തങ്ങള്‍ വഹിച്ചിരുന്ന ലീഗിന്റെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ പദവിയിലേക്കും സാദിഖലി തങ്ങളെ തിരഞ്ഞെടുത്തു. പുതിയ പദവികളിലേക്കു സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് സ്വീകരിച്ച ഖാദര്‍ മൊയ്തീന്‍, അദ്ദേഹത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്ന് അഭ്യര്‍ഥിച്ചു.
Also Read: പൂക്കോയ തങ്ങൾ മുതൽ മുഈനലി തങ്ങൾ വരെ; ലീഗിലെ തങ്ങൾ കുടുംബകഥ
ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനായ സാദിഖലി തങ്ങള്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗമായും മലപ്പുറം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റാണ്. ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സയില്‍ കഴിഞ്ഞ സമയത്ത്, അദ്ദേഹത്തിന്റെ ചുമതലകള്‍ സാദിഖലി തങ്ങളാണു നിര്‍വഹിച്ചിരുന്നത്.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്മാരായി പാണക്കാട് കുടുംബത്തില്‍നിന്നുള്ളവര്‍ വരുന്നതാണ് മുസ്ലിം ലീഗിലെ കീഴ്‌വഴക്കം. 1973ല്‍ പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍ എന്ന പി എം എസ് എ പൂക്കോയ തങ്ങള്‍ പ്രസിഡന്റായതു മുതല്‍ ഇതാണു തുടരുന്നത്. പൂക്കോയ തങ്ങള്‍ക്കു ശേഷം മൂത്ത മകന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും തുടര്‍ന്ന് സഹോദരങ്ങളായ ഹൈദരലി ശിഹാബ് തങ്ങളും പ്രസിഡന്റ് പദത്തിലെത്തുകയായിരുന്നു.
പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ഖദീജ ഇമ്പിച്ചി ബീവിയുടെയും മകനായി 1964ല്‍ ജനിച്ച സാദിഖലി തങ്ങള്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.
പട്ടിക്കാട് ജാമിഅ നൂരിയ ജനറല്‍ സെക്രട്ടറി, വളവന്നൂര്‍ ബാഫഖി യതീംഖാന പ്രസിഡന്റ്, പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ വൈസ് പ്രസിഡന്റ്, എരമംഗലം ദാറുസലാമത്ത് ഇസ്ലാമിക് കോംപ്ലക്‌സ് പ്രസിഡന്റ്, കാടഞ്ചേരി നൂറുല്‍ ഹുദാ ഇസ്ലാമിക് കോളജ് പ്രസിഡന്റ്, എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗം, കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ ചെയര്‍മാന്‍, പെരുമണ്ണ പുത്തൂര്‍മഠം ജാമിഅ ബദരിയ്യ ഇസ്ലാമിയ്യ പ്രസിഡന്റ്, പേരാമ്പ്ര ജബലുന്നൂര്‍ ഇസ്ലാമിക് കോളജ് പ്രസിഡന്റ്, കിഴിശേരി മുണ്ടംപറമ്പ് റീജിയണല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് (നാഷണല്‍ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്) ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിൽ പ്രവര്‍ത്തിച്ചുവരികയാണ്.