കേരളത്തിന് കരുത്തേകാം, ചെറിയ സംഭാവനകള്‍ പോലും വലുതാണ്: അഭ്യര്‍ഥനയുമായി സച്ചിനും

കേരളത്തില്‍ ശനിയാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിനായി സഹായമഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും. ‘ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും സഹായം ചെയുകയും വേണം. നമ്മുടെ സഹായം ദുരിതബാധിര്‍ക്കും കുടുംബങ്ങള്‍ക്കും ഈ സമയത്ത് ആവശ്യമാണ്. നമ്മള്‍ കേരളത്തിന് ഒപ്പം നില്‍ക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെറിയ സംഭാവനങ്ങള്‍ പോലും വലുതാണ്,’ സച്ചിന്‍ ട്വീറ്ററില്‍ അറിയിച്ചു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137.4 അടിയായി ഉയര്‍ന്നു. ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്നു രാത്രി ഒമ്പതിന് മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യത ഉള്ളതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുന്‍പായി മാറി താമസിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടിട്ടുണ്ട്. യാതൊരുവിധത്തിലുമുള്ള ആശങ്കകള്‍ക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റവന്യു, പൊലീസ്, ഫയര്‍ഫോഴ്‌സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിര്‍ദ്ദേശാനുസരണം 9 മണിക്ക് മുമ്പായി ജനങ്ങള്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാര്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ തിരുവന്തപുരത്ത് അടിയന്തര യോഗം ചേരുകയാണിപ്പോള്‍.

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു. രണ്ട് ദിവസത്തെ ശമനത്തിന് ശേഷം ഇന്ന് മഴ വീണ്ടും കനക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഒന്നും അഞ്ചും ഷട്ടറുകള്‍ അടച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും തുറന്നത്. പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ മൂന്ന് ലക്ഷം ലീറ്ററില്‍നിന്ന് ആറ് ലക്ഷം ലിറ്ററാക്കിയും ഉയര്‍ത്തി.

2397.16 അടിയാണ് ചെറുതോണി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതിനൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിച്ചതും ഷട്ടര്‍ തുറക്കാന്‍ കാരണമായി. ചെറുതോണി പാലത്തില്‍ വീണ്ടും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും പെരിയാര്‍ നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, കേരളത്തില്‍ ശനിയാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചുദിവസത്തോളം ഇടിമിന്നലോടുകൂടിയ മഴയുമുണ്ടാകാം. മണിക്കൂറില്‍ 45 കിലോ മീറ്റര്‍ മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ പടിഞ്ഞാറന്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട്, ഇടുക്കി ജില്ലകളില്‍ ഓഗസ്റ്റ് 15 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 17 ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ കാസർകോട് എന്നീ ജില്ലകളില്‍ ഓഗസ്റ്റ് 15 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sachin asks fans to help kerala

Next Story
മുല്ലപ്പെരിയാര്‍ സ്‌പിൽവേ തുറന്നു; പെരിയാറിന്റെ തീരത്ത് അതീവജാഗ്രത
The moderation of comments is automated and not cleared manually by malayalam.indianexpress.com