തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന്റെ പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കേരള സന്ദര്‍ശനത്തിനെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വാഹനത്തില്‍ സഞ്ചരിക്കവേയാണ് സച്ചിന്റെ ഉപദേശം. തിരുവനന്തപുരത്തെ നിരത്തില്‍ വെച്ചാണ് സച്ചിന്‍ ഈ വിഡിയോ പകര്‍ത്തിയതെന്നാണ് കരുതുന്നത്. സച്ചിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, സച്ചിനോട് സീറ്റ് ബെല്‍റ്റിട്ട് യാത്ര ചെയ്യാന്‍ ചിലര്‍ നിര്‍ദേശിച്ചു. ഇന്നലെ കേരളത്തിലെത്തിയ സച്ചിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഭാര്യ അജ്ഞലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു.

ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് സച്ചിന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മത്സരങ്ങള്‍ ജയിക്കുകയല്ല, ഫുട്‌ബോളിന്റെ പ്രചാരണമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 17 മുതല്‍ മാര്‍ച്ച് വരെയാണ് ഐഎസ്എല്‍ നാലാം സീസണ്‍ മത്സരം. കേരളത്തിലും മത്സരം നടക്കുന്നുണ്ട്. ഈ സമയത്ത് ടീമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ സഹായം തേടാനും കൂടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഉടമ കൂടിയായ സച്ചിന്റെ സന്ദര്‍ശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ