ആലപ്പുഴ: കേരളത്തെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നെഹ്‌റു ട്രോഫി വള്ളംകളിയുടെ വേദിയില്‍ വച്ചാണ് സച്ചിന്‍ കേരളത്തെ കുറിച്ച് സംസാരിച്ചത്. ‘നമസ്‌കാരം കേരള’ എന്ന് പറഞ്ഞാണ് സച്ചിന്‍ പ്രസംഗം ആരംഭിച്ചത്. പിന്നീട് കേരളത്തെ കുറിച്ച് അദ്ദേഹം വാചാലനായി.

വളരെ ആകാംക്ഷയോടെയാണ് താന്‍ ഇവിടെ ആയിരിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. കേരളത്തില്‍ എത്തിയപ്പോഴെല്ലാം വലിയ സ്‌നേഹവും കരുതലും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സച്ചിന്‍ ഓര്‍ത്തു. “ഇന്ന് ഇവിടെ എത്തിയപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് ലഭിച്ചത്.” കൈകള്‍ ഇല്ലാത്ത പ്രണവ് എന്ന യുവാവ് സമ്മാനിച്ച ചിത്രം ഉയര്‍ത്തികാണിച്ച് സച്ചിന്‍ പറഞ്ഞു. പ്രണവ് കാല്‍ വിരലുകള്‍ കൊണ്ട് വരച്ച ചിത്രമാണിതെന്നും സച്ചിന്‍ പ്രസംഗത്തില്‍ പറഞ്ഞു.

Read Also: ‘ഇന്നെനിക്ക് കണ്ണെഴുതാന്‍’; ഉള്‍ക്കണ്ണുകൊണ്ട് അവള്‍ പാടി, വീഡിയോ

“കേരളം കഴിഞ്ഞ ഏതാനും നാളുകളില്‍ ഏറെ ബുദ്ധിമുട്ടിലായിരുന്നു. പ്രകൃതി ദുരത്തെ തുടര്‍ന്ന് കേരളം പ്രതിസന്ധിയിലായി. കുറേ നഷ്ടങ്ങളുണ്ടായി. എന്നാല്‍, എല്ലാ പ്രതിസന്ധികളെയും ആത്മധൈര്യം കൊണ്ടും മനക്കരുത്ത് കൊണ്ടും മലയാളികള്‍ മറികടന്നു. ഇപ്പോള്‍ എല്ലാം സാധാരണ നിലയിലായിരിക്കുന്നു.”-സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

“കേരളത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ എത്തിയിട്ടുണ്ട്. എല്ലാ കായിക ഇനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നവരാണ് കേരളത്തിലുള്ളത്. വള്ളംകളി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക കേരളമാണ്. ഇത് സംഘടിപ്പിച്ച എല്ലാവരെയും അനുമോദിക്കുന്നു” – ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.

Read Also: നെഹ്റു ട്രോഫി വള്ളംകളി: നടുഭാഗം ചുണ്ടന്‍ ജലരാജാവ്

സ്ത്രീകള്‍ സമൂഹത്തിന്റെ നട്ടെല്ലാണെന്ന് സച്ചിന്‍ പറഞ്ഞു. വീട്ടിലെ സ്ത്രീകള്‍ കരുത്തരാണെങ്കില്‍ സമൂഹവും കരുത്തള്ളവരാകുമെന്നും സച്ചിന്‍ പറഞ്ഞു.

“ജയിക്കാന്‍ വേണ്ടി കുറുക്കുവഴികള്‍ തേടരുത്. എല്ലാവര്‍ക്കും വിജയികളാകാന്‍ സാധിക്കില്ല. വിജയികളാകാന്‍ വേണ്ടി ആരെയും ചതിക്കരുത്. നന്നായി പരിശീലിക്കുക, പ്രയത്‌നിക്കുക എന്നിട്ട് വിജയിക്കാനായി പോരാടുക. ജയിക്കാന്‍ കുറുക്കുവഴികള്‍ തേടരുത്. തോറ്റാല്‍ തിരിച്ചുവരിക, വീണ്ടും പ്രയത്‌നിക്കുക. മാന്യമായ വഴികളിലൂടെയായിരിക്കണം വിജയിക്കാന്‍ പരിശ്രമിക്കേണ്ടത്” – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

പ്രസംഗത്തിന്റെ അവസാനം മലയാളത്തില്‍ ‘നന്ദി, നമസ്‌കാരം’ എന്ന് പറഞ്ഞാണ് സച്ചിന്‍ കേരളത്തെ കയ്യിലെടുത്തത്. 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടനാണ് ജേതാക്കൾ. പളളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റേതാണ് നടുഭാഗം ചുണ്ടന്‍. കഴിഞ്ഞ കൊല്ലവരും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു ജേതാക്കളായത്. ചമ്പക്കുളം ചുണ്ടന് രണ്ടാം സ്ഥാനം. കാരിച്ചാൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പൊലീസ് ബോട്ട് ക്ലബ് വകയാണ് കാരിച്ചാൽ ചുണ്ടൻ.

ഇതോടൊപ്പം തന്നെ ചാമ്പ്യൻസ് ബോട്ട് ലീഗിനും തുടക്കം കുറിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുൽക്കര്‍ ജലമേളയില്‍ മുഖ്യാതിഥിയായി എത്തുന്നത്. 20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 79 കളിവള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്.

രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജലമേള മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 10ന് നടത്തേണ്ടിയിരുന്ന വള്ളംകളി പ്രളയത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. വള്ളംകളിയോട് അനുബന്ധിച്ച് ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ട് വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടർന്ന് മാസ്ഡ്രില്ലും ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.