scorecardresearch

സംഘപരിവാർ പാക്കിസ്ഥാനെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കും- സച്ചിദാനന്ദൻ

ഐഎസിന്റെും സംഘപരിവാറിന്റെും ആഹ്വാനം ഒന്നു പോലെയാണ് . മറ്റുള്ളവരെ കൊല്ലുന്നതിനെ ന്യായീകരിക്കാൻ മരണത്തെ വാഴ്ത്തുന്നവരാണിരുവരും

ഐഎസിന്റെും സംഘപരിവാറിന്റെും ആഹ്വാനം ഒന്നു പോലെയാണ് . മറ്റുള്ളവരെ കൊല്ലുന്നതിനെ ന്യായീകരിക്കാൻ മരണത്തെ വാഴ്ത്തുന്നവരാണിരുവരും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Satchidanandan, narendra modi, bjp, poet

കൊച്ചി: ഗാന്ധിജിയും പട്ടേലുമൊക്കെ സംഘപരിവാറിന്റെ ഭീഷണിയിലാണെന്ന് കവി സച്ചിദാനന്ദൻ. ചർക്ക ഉൾപ്പെടെ എല്ലാം മോദി ഏറ്റെടുക്കുന്നു. വലിയ കറൻസികളും പിൻവലിച്ചു. ഇനി കറൻസികളിലും മോദി സ്വന്തം പടം വയ്ക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷ(എഐഐഇഎ)ന്റെ ദേശീയ പ്രതിനിധി സമ്മേളനത്തിൽ 'സംസ്കാരവും ജനകീയ ഐക്യവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Advertisment

പാക്കിസ്ഥാൻ വൈകാതെ ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമായി മാറും. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന സ്വതന്ത്ര നിലപാടുള്ള കലാകാരന്മാരും എഴുത്തുകാരും ചിന്തകന്മാരുമെല്ലാം പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സംഘപരിവാർ കൂട്ടാളികളും പറയുന്ന സാഹചര്യത്തിലാണിത്.

എം.എഫ്.ഹുസൈനും അനന്തമൂർത്തിക്കും ശേഷം ഇപ്പോൾ ഷാരൂഖ് ഖാനും നന്ദിത ദാസും തുടങ്ങി കമൽ വരെ പാക്കിസ്ഥാനിലേക്കു പോകണമെന്നാണ് സംഘപരിവാർ നിലപാട്. സംസ്കാരത്തെക്കുറിച്ച് മിണ്ടിയാൽ ഷൂട്ട് ചെയ്യുമെന്ന ഗീബൽസിയൻ ഫാസിസ്റ്റ് സമീപനമാണ് . ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പുയരണം. ആർഎസ്എസുകാരും ബിജെപിക്കാരും ഋഗ്വേദത്തിലേയും ഉപനിഷത്തിലേയും സാഹോദര്യവും നന്മയുമൊന്നും വായിച്ചിട്ടില്ല. പ്രതിലോമപരമായ കാര്യങ്ങളാണ് അവർ ഏറ്റുപറയുന്നത്. നിരക്ഷരതയാണ് അവരുടെ പ്രശ്നം. അല്ലാത്തപക്ഷം അവർ ഇങ്ങനെ പെരുമാറില്ല.

മറ്റുമതക്കാർ പ്രത്യേകിച്ചും മുസ്‌ലിംകൾ പുറമെ നിന്നുള്ളവരാണെന്ന് മുദ്രകുത്തി വെറുപ്പ് പടർത്തുകയാണ്. തങ്ങൾക്കു ഹിതകരമല്ലാത്തതെല്ലാം വേണ്ടെന്ന ഇവരുടെ നിലപാടിന് തെളിവാണ് ഗോമാംസനിരോധനം.

Advertisment

വിയോജിപ്പ് പ്രകടിപ്പിച്ചാൽ ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തും. അസഹിഷ്ണുതയ്ക്കെതിരെ സാഹിത്യകാരന്മാർ പുരസ്കാരങ്ങൾ തിരിച്ചേൽപ്പിച്ചത് പൊടുന്നനെയുള്ള സ്വാഭാവിക പ്രതികരണമായിരുന്നു. ഗൂഢാലോചനയെന്നും തെറ്റിദ്ധരിപ്പിക്കൽ എന്നുമൊക്കെയായിരുന്നു സർക്കാർ അതിന് ഔദ്യോഗികമായി തന്നെ പഴിപറഞ്ഞത്. പുരുഷ മേധാവിത്വ പ്രചാരണവും അതിലുള്ള ആഘോഷവുമാണ് ഈ ഫാസിസ്റ്റുകളുടെ മറ്റൊരു മുഖമുദ്ര. പ്രധാനമന്ത്രിയുടെ നെഞ്ചുവിരിവിനെക്കുറിച്ചൊക്കെ നിർലജ്ജം പറയുന്നതതുകൊണ്ടാണ്. സ്ത്രീകളെ മാത്രമല്ല ദുർബല വിഭാഗങ്ങളെയാകെ അപമാനിക്കുകയും അപകീർത്തിയുണ്ടാക്കുകയും ചെയ്യുന്ന നടപടിയാണിത്.

ജീവിതത്തിന്റെയല്ല മരണത്തിന്റെ ആരാധകരാണ് സംഘപരിവാർ. മറ്റുള്ളവരെ കൊല്ലുന്നത് ന്യായീകരിക്കാനാണ് അവർ മരണത്തെ വാഴ്ത്തുന്നതും ആഘോഷിക്കുന്നതും. ഇതേവിധം തന്നെയാണ് ഐഎസ് ഭീകരരും മതത്തിന് വേണ്ടി മരിക്കൂ എന്ന് ആഹ്വാനം ചെയ്യുന്നത്. കേന്ദ്രത്തിനു കീഴിലുള്ള എല്ലാ സാംസ്കാരിക സ്ഥാപനങ്ങളുടെയും തലപ്പത്ത് ബൗദ്ധിക തലത്തിൽ വളർച്ച മുരടിച്ചവരാണ്. ഈ നിരക്ഷരരുടെ നിയമനത്തിലൂടെ ജവഹർലാൽ നെഹ്‌റുവിന്റെ മഹനീയ കാഴ്ചപ്പാടുകളാണ് ബിജെപിയും കൂട്ടാളികളും ചേർന്ന് തകർത്തുതരിപ്പണമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Satchidanandan Bjp Narendra Modi Poet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: