കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെതിരെ സിപിഎം നേതാവ് പി.ജയരാജന്‍ നടത്തിയ പ്രസ്താവനയെ ചോദ്യം ചെയ്ത് അലന്റെ അമ്മ സബിത മഠത്തില്‍. അലൻ എസ്എഫ്ഐയിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം പി.ജയരാജൻ പറഞ്ഞത്. കേരള ലിറ്ററേച്ചർ ഫെസ്റ്റ് വേദിയിലാണ് ജയരാജന്റെ പരാമർശം. ഇതിനെ ചോദ്യം ചെയ്‌താണ് സബിത മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അലൻ എസ്എഫ്ഐയിൽ ഒരിക്കലും സജീവമായിരുന്നില്ല എന്ന് സബിത പറഞ്ഞു. വീടിനടുത്തുള്ള പ്രാദേശിക സിപിഎമ്മുമായി ചേർന്നാണ് അലൻ പ്രവർത്തിച്ചിരുന്നത്. പാലയാട് ക്യാംപസിലും അലൻ സജീവ എസ്എഫ്ഐ പ്രവർത്തകൻ ആയിരുന്നില്ല. അങ്ങനെ എസ്എഫ്ഐയിൽ കാര്യമായി പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്ഐക്കാരെ മാവോയിസ്റ്റ് ആക്കാൻ സാധിക്കുക എന്ന് അലന്റെ അമ്മ ചോദിച്ചു.

Read Also: ഡൽഹി കൂട്ട ബലാത്സംഗക്കേസ്: പ്രതികളോട് ക്ഷമിക്കാൻ ആവശ്യപ്പെട്ട ഇന്ദിര ജയ്‌സിങ്ങിനെതിരെ ഇരയുടെ അമ്മ

താങ്കൾ വിചാരിക്കുന്നത് എസ്എഫ്ഐക്കാർക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഏതെങ്കിലും ഒരു എസ്എഫ്ഐക്കാരനെ ഉദാഹരണമായി കാണിക്കാമോ എന്ന് ജയരാജനോട് സബിത ചോദിച്ചു. സഖാവ് ഒരു വേദിയിൽ കാര്യങ്ങൾ പറയുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് ജയരാജന്റെ പരാമർശത്തെ എതിർത്ത് സബിത ഫെയ്‌സ്ബുക്കിൽ കുറിച്ചു. അലന്റെ കൂടെയുള്ളത് സത്യസന്ധമായി, മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണെന്നും അവന്റെ നിരപരാധിത്വം തെളിയിക്കാൻ തങ്ങൾ പോരാടുക തന്നെ ചെയ്യുമെന്നും സബിത വ്യക്തമാക്കി.

അലനും താഹയും എസ്എഫ്ഐക്കുള്ളിൽ നിന്ന് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നായിരുന്നു പി.ജയരാജൻ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇവർക്ക് മാവോ ബന്ധമുണ്ടെന്നും ജയരാജൻ പറഞ്ഞിരുന്നു. അതേസമയം, യുഎപിഎ പോലുള്ള കരിനിയമങ്ങൾക്ക് സിപിഎം എന്നും എതിരാണെന്നും ജയരാജൻ ലിറ്ററേച്ചർ ഫെസ്റ്റ് വേദിയിൽ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.