പാലക്കാട്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി. പാലക്കാട് നഗരത്തില്‍ വെച്ചാണ് മന്ത്രിയുടെ വാഹനത്തിനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. എലപ്പുള്ളിയിലും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.

നേരത്തെ ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതി വിധി മാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനം പുതിയ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുനപരിശോധനാ ഹര്‍ജി നല്‍കാനാകില്ല. മറ്റുള്ളവര്‍ നല്‍കുന്നതിനെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുകയാണ്. എന്‍ഡിഎയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അയ്യപ്പന്റെ ജന്മസ്ഥാനത്ത് നിന്നും ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുക. ഈ മാസം 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിന് മുന്നില്‍ അവസാനിക്കും.

അതേസമയം, ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഹിന്ദു മതവിശ്വാസികളെ ഭിന്നിപ്പിച്ചതായും ശ്രീധരന്‍ പിള്ള ആരോപിച്ചു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍ ഹിന്ദുക്കളെ പലതട്ടിലാക്കിക്കൊണ്ട് അടിച്ചമര്‍ത്തല്‍ രാഷ്ട്രീയമാണ് മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നത്. ശബരിമലയെ തകര്‍ക്കാണ് സിപിഎം ശ്രമം. വിശ്വാസികളുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നു. പ്രശ്ന പരിഹാരത്തിനായി പോംവഴി ആരായാതെ എതിര്‍ക്കുന്നവരെ ശത്രുക്കളായി കാണുകയാണ്. എന്നാല്‍ സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാമാണ് ബിജെപിയും എന്‍ഡിഎയും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്തെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി. അഖില ഭാരത അയ്യപ്പ ഭക്തജന സംഘം പ്രസിഡന്റ് ശൈലജ വിജയനാണ് പരാതി സമര്‍പ്പിച്ചത്.

സുപ്രീം കോടതി വിധി യുക്തിക്ക് നിരക്കാത്തതും നടപ്പിലാക്കാന്‍ സാധിക്കാത്തതുമാണെന്ന് റിവ്യു ഹര്‍ജിയില്‍ പറയുന്നു. റിവ്യു ഹര്‍ജിയുടെ ഫലം അറിഞ്ഞ ശേഷമേ മറ്റ് കാര്യങ്ങള്‍ ആലോചിക്കൂ എന്നാണ് ശബരിമല തന്ത്രി കണ്ഠരര് മോഹനര് വ്യക്തമാക്കിയിരിക്കുന്നത്. എന്‍എസ്എസുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ