ചങ്ങനാശ്ശേരി: ശബരിമല പ്രശ്നത്തില്‍ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിത മതിൽ തീർക്കാനൊരുങ്ങുന്ന സര്‍ക്കാരിനെതിരെ വീണ്ടും എന്‍എസ്എസ്. വിശ്വാസികള്‍ക്കിടയില്‍ ജാതി വേർതിരിവുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആരോപിച്ചു.

ഇന്നലെ സർക്കാർ വിളിച്ചുചേർത്ത സമുദായസംഘടനകളുടെ യോഗത്തിൽ നിന്നും എൻ എസ് എസ് വിട്ടുനിന്നിരുന്നു. യോഗത്തിൽ​പങ്കെടുക്കാതിരുന്ന പ്രബല സംഘടന എൻ എസ് എസ് ആയിരുന്നു. എന്നാൽ എസ് എൻ ഡി പി, കെ പി എം എസ് എന്നീ പ്രബല സംഘടനകൾ യോഗത്തിൽ പങ്കെടുത്തിരുന്നു.  പിന്നോക്ക, ദലിത് സംഘടനകളുൾപ്പടെ ഹിന്ദുസമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുളള സംഘടനകളുടെ നേതൃത്വത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് സർക്കാരിനെതിരെ വിമർശനവുമായി  നായർ സർവ്വീസ് സൊസൈറ്റി ജനറൽ സെക്രട്ടറി രംഗത്തെത്തിയത്.

രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. അതിനായി സവര്‍ണ്ണനെന്നും അവര്‍ണ്ണനെന്നും ജാതി വേര്‍തിരിവുണ്ടാക്കുകയാണ്. ശബരിമലയിലേക്ക് യുവതികൾ പ്രവേശിക്കുന്നത് നവോത്ഥാനവുമായ ബന്ധമുളള കാര്യമല്ലെന്നും  എൻ എസ് എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഉണ്ട്.

നിരീശ്വരവാദം വളർത്താനുളള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് നവോത്ഥാനത്തിന്‍റെ പേരിൽ നടത്തിയ ആ സംഗമവും എന്നു പറഞ്ഞാൽ തെറ്റുണ്ടോ? സർക്കാർ എത്രതന്നെ ശ്രമിച്ചാലും, ഈശ്വരവിശ്വാസികൾക്കിടയിൽ സവർണ്ണ, അവർണ്ണ ചേരിതിരിവോ ജാതിസ്പർദ്ധയോ ഉണ്ടാക്കാൻ സാധിക്കില്ല. ശബരിമല വിഷയത്തിൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ സർക്കാരിന് തെറ്റുപറ്റി എന്ന് പറയാതെ വയ്യെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

കേസുണ്ടായപ്പോൾ തന്നെ ഈ വസ്തുത തിരിച്ചറിഞ്ഞ് വേണമായിരുന്നു സർക്കാർ ഇടപെടാനെന്ന് എൻഎസ്എസ് പറയുന്നു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ തയ്യാറാകാതെ സർക്കാർ സത്യവാങ്മൂലം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ബന്ദിയാക്കി നിർത്തി സർക്കാർ ചോദിച്ച് വാങ്ങിയതാണ് ഈ വിധി.

നവോത്ഥാന പ്രവർത്തനങ്ങളിലൂടെ അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് കേരളത്തിൽ പരിഹരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ നവോത്ഥാനവും ശബരിമലയിലെ യുവതീപ്രവേശനവുമായി എന്തു ബന്ധമാണുള്ളത്? ശബരിമലയിലേത് ആചാര അനുഷ്‌ഠാനങ്ങളുടെയും ഈശ്വര വിശ്വാസത്തിന്റെയും പ്രശ്നമാണ്. യുവതീ പ്രവേശനവും നവോത്ഥാന പ്രവർത്തനങ്ങളും തമ്മിൽ ഇതിന് ബന്ധമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.