പമ്പ: ശബരിമല പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകയെ പ്രതിഷേധക്കാർ കൈയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ടറായ മൗസമി സിങ്ങും ക്യാമറാമാനുമാണ് അക്രമികളുടെ ആക്രമണത്തിന് ഇരയായത്.
കെഎസ്ആർടിസി ബസ്സിൽ റിപ്പോർട്ടിങ് നടത്തുകയായിരുന്ന റിപ്പോർട്ടറെ ബസ്സിനകത്തുണ്ടായിരുന്ന ഒരാൾ ആദ്യം തടയുകയായിരുന്നു. എന്നെ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കൂവെന്ന് പറഞ്ഞ് ജോലി തുടർന്ന റിപ്പോർട്ടറെ അയാൾ പിന്നീട് അസഭ്യം പറയാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾക്കൊപ്പം മറ്റു ചിലരും കൂടുകയും ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തു. റിപ്പോർട്ടറെയും ക്യാമറാമാനെയും മർദ്ദിക്കാനും ശ്രമിച്ചു. എന്റെ ജോലിയാണ് ഞാൻ ചെയ്യുന്നതെന്ന് റിപ്പോർട്ടർ പറഞ്ഞിട്ടും പ്രതിഷേധക്കാർ വഴങ്ങിയില്ല.
ബസ്സിൽനിന്നും ഇറങ്ങി റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രതിഷേധക്കാർ കൂട്ടമായെത്തി വനിത മാധ്യമപ്രവർത്തകയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. റിപ്പോർട്ടറെയും ക്യാമറാമാനെയും മർദ്ദിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും രക്ഷിച്ച് പൊലീസ് വാഹനത്തിനകത്ത് എത്തിച്ചത്.
ശബരിമലയിൽ പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമമാണ് ഇന്നലെ നിലയ്ക്കലിൽ നടന്നത്. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു പ്രതിഷേധക്കാരുടെ അക്രമം. മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ അടിച്ചു തകർക്കുകയും അവർക്കുനേരെ കല്ലേറുണ്ടാവുകയും ചെയ്തു. വനിത മാധ്യമപ്രവർത്തകരെയും പ്രതിഷേധക്കാർ കൂട്ടം ചേർന്ന് ആക്രമിച്ചിരുന്നു.