തിരുവനന്തപുരം: തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ശബരിമലയിൽ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സേനയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല. അഞ്ഞൂറോളം വനിതാ പൊലീസുകാർക്ക് പരിശീലനം നൽകും. ജോലിയും വിശ്വാസവും രണ്ടാണ്. ശബരിമലയിൽ ഡ്യൂട്ടിക്ക് പോകാൻ താൽപര്യമുളള വനിതാ പൊലീസുകാർക്ക് മുൻഗണന നൽകുമെന്നും ഡിജിപി പറഞ്ഞു.

ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ മണ്ഡലകാലത്ത് തന്നെ അതിനുളള സൗകര്യങ്ങൾ ഒരുക്കും. കൂടുതൽ വനിതാ പൊലീസുകാരെ സന്നിധാനത്ത് വിന്യസിക്കും. ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നും വനിതാ പൊലീസുകാരുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നും സർക്കാർ റിവ്യൂ ഹർജി നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാനുളള ഉത്തരവാദിത്തം സർക്കാരിനുണ്ട്. അത് വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കും. സുപ്രീം കോടതി നിലപാടിന് എതിരായി സർക്കാരിന് നിലപാട് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സമരത്തിനിറങ്ങുകയാണ്. പത്തനംതിട്ടയിൽ കോൺഗ്രസ് നേതൃത്വത്തിൽ ഉപവാസ സമരം നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.