കൊച്ചി: ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധം അക്രമാസക്തമായിട്ട് ആറ് മണിക്കൂർ. കോട്ടയത്ത് ബിജെപിയുടെ മാർച്ചും യുഡിഎഫിന്റെ മാർച്ചും തമ്മിൽ നേർക്കുനേർ വന്നപ്പോൾ തർക്കമുണ്ടായി. ഈ പ്രശ്നത്തിന് കാരണം ബിജെപിക്കാരല്ല മറിച്ച് പൊലീസാണെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Read More: Sabarimala LIVE Updates: ശബരിമല യുവതീ പ്രവേശനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും അക്രമം

പാലക്കാട് നടന്ന ബിജെപി പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. തിരുവനന്തപുരത്ത് സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. കൊല്ലത്ത് ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോറുമായി പോയ ഡിവൈഎഫ്ഐയുടെ വാഹനം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികൾക്ക് മർദ്ദനമേറ്റു.

തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലെ സംഘർഷം

തിരുവനന്തപുരം നഗരത്തിൽ  ആദ്യം മാർച്ച് നടത്തിയത് ബിജെപി പ്രവർത്തകരാണ്. ഇവർ വഴിയിലുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചതോടെ സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി.  സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പനും വി.ശിവൻകുട്ടിയും ഒരു സംഘം പ്രവർത്തകരുമായി ഇവിടേക്ക് പ്രതിഷേധ മാർച്ച് നടത്തി. മറുവശത്ത് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ അണിനിരന്നത്.

Read More: നാളത്തെ ഹർത്താലിൽ പങ്കെടുക്കില്ലെന്ന് കേരളത്തിലെ വ്യാപാരി സമൂഹം

ഇരുവിഭാഗവും നേർക്കുനേർ നിന്ന് ഏറെ നേരം പോർവിളിച്ചു. പൊലീസ് ഇടപെട്ട് രണ്ട് ഭാഗത്തേയും അനുനയിപ്പിച്ച് മടക്കി. സമരപ്പന്തലിന് സമീപത്ത് നിലയുറപ്പിച്ചിരുന്ന ബിജെപി പ്രവർത്തകർ വീണ്ടും ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കാനും കൊടി തോരണങ്ങൾ നശിപ്പിക്കാനും ശ്രമിച്ചതോടെ പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ കല്ലേറുണ്ടായി. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

പാലക്കാട് പ്രതിഷേധക്കാർ കുപ്പിയും കല്ലും പൊലീസിന് നേരെ എറിഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശിയത്. പൊലീസുകാരടക്കം നിരവധി പേർക്കാണ് പരുക്കേറ്റത്. പാലക്കാട് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ മന്ത്രി എ.കെ.ബാലനുണ്ടായിരുന്നു. ഇതറിഞ്ഞ് ബിജെപി പ്രവർത്തകർ ബംഗ്ലാവിനകത്തേക്ക് തളളിക്കയറാൻ ശ്രമിച്ചു. എന്നാൽ ഇവരെ പൊലീസ് തടഞ്ഞതോടെയാണ് കല്ലേറുണ്ടായത്.

പാലക്കാട് പ്രതിഷേധക്കാർ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു. ഗുരുവായൂരിൽ നടന്ന അക്രമങ്ങളിൽ ഒരു പൊലീസുകാരന് പരുക്കേറ്റു.

നെയ്യാറ്റിൻകരയിലെ ബിജെപി പ്രതിഷേധം

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ ഇന്ന് ഉച്ചയോടെ മുതലേ നിരവധി ബിജെപി പ്രവർത്തകരാണ് സംഘടിച്ചെത്തിയത്. ഇവർ സെക്രട്ടേറിയേറ്റിന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. മഹിളാ മോർച്ച പ്രവർത്തകരായ നാല് സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്ത് വരെയെത്തി.

സെക്രട്ടേറിയേറ്റിന് മുന്നിൽ  മാധ്യമപ്രവർത്തകർക്കുനേരെയും കൈയ്യേറ്റമുണ്ടായി. പ്രതിഷേധക്കാർ ക്യാമറകൾ തകർത്തു. പലയിടത്തും കടകൾ നിർബന്ധിച്ച് അടപ്പിച്ചു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ പ്രസാദമായ ഉണ്ണിയപ്പം വിതരണം ചെയ്യുന്ന കൗണ്ടര്‍ പ്രതിഷേധക്കാര്‍ അടപ്പിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഓഫീസ് അടപ്പിച്ചു. നെയ്യാറ്റിന്‍കരയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി.

Read More: മുഖ്യമന്ത്രി പിണറായി വിജയന്റെ കോന്താലയിലല്ല താക്കോൽകൂട്ടമെന്ന് തെളിഞ്ഞു: രാഹുൽ ഈശ്വർ

കൊച്ചിയിൽ ഇടപ്പളളിയിൽ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്.

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പരവൂര്‍, പട്ടാഴി എന്നിവിടങ്ങളിൽ ശബരിമല കർമ്മസമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. ചടയമംഗലത്ത് എംസി റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് കട അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.