തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ഒരു വയസ്സ്. 2018 സെപ്റ്റംബര്‍ 28 നാണ് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഒരു വര്‍ഷത്തിനുശേഷവും യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല.

വിധി പുറപ്പെടുവിക്കുന്ന സമയത്ത് ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര പിന്നീട് വിരമിച്ചു. അതിനുശേഷം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കുകയും ഭരണഘടനാ ബഞ്ചിന്റെ അധ്യക്ഷനാകുകയും ചെയ്തു. യുവതീ പ്രവേശന വിധിക്കെതിരെയുള്ള 56 പുനഃപരിശോധനാ ഹര്‍ജികളാണ് ഇപ്പോള്‍ കോടതിയിലുള്ളത്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചിലാണ് ഈ കേസുകള്‍ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികളിലും നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലും സുപ്രീംകോടതി തീരുമാനം അടുത്ത മാസം ഉണ്ടാകാനാണ് സാധ്യത.

Read Also: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാമെങ്കില്‍ ഇതെന്തിന് മാറ്റിവയ്ക്കണം; മരട് വിഷയത്തില്‍ കാനം

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ നാല് പേർ യുവതീ പ്രവേശനത്തെ പിന്തുണച്ച് വിധിന്യായം പുറപ്പെടുവിച്ചപ്പോൾ ബഞ്ചിലെ ഏക വനിതാ ജഡ്‌ജിയായ ജസ്റ്റിസ് ഇന്ദു മൽഹോത്ര യുവതീപ്രവേശനത്തെ എതിർത്തു.

സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ കേരളത്തിൽ ശബരിമല വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി. ബിജെപിയും കോൺഗ്രസും സർക്കാർ നിലപാടിനെ പരസ്യമായി എതിർത്തു. എന്നാൽ, വിധി നടപ്പിലാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്. ശബരിമല പ്രവേശനത്തിനെത്തിയ സ്ത്രീകളെ പൊലീസ് സുരക്ഷയോടെ സന്നിധാനത്തെത്തിക്കാൻ ശ്രമങ്ങൾ നടന്നു. എന്നാൽ, അതിനൊപ്പം പ്രതിഷേധവും മലകയറി. പലപ്പോഴും ശബരിമലയിൽ സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. ഒടുവിൽ 2019 ജനുവരി രണ്ടിന് ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചു. ബിന്ദു, കനകദുർഗ എന്നിവരാണ് യുവതീ പ്രവേശന വിധിക്ക് ശേഷം ശബരിമലയിൽ ദർശനം നടത്തിയത്.

Read Also: അരൂരില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ഷാനിമോള്‍ ഉസ്മാന്‍

ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് വലിയ സംഘർഷത്തിന് കാരണമായി. കേരളത്തിൽ ഹർത്താലും അക്രമങ്ങളും ഉണ്ടായി. ശബരിമല കർമ്മ സമിതിയും ബിജെപിയുമായിരുന്നു ഹർത്താൽ നടത്തിയത്. പിന്നീട് മാസങ്ങൾക്കിപ്പുറവും ശബരിമല തന്നെയാണ് കേരളത്തിൽ പ്രധാന രാഷ്ട്രീയ വിഷയം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും സംസ്ഥാന സർക്കാരിനെതിരെയുള്ള ആയുധമായി ശബരിമല യുവതീപ്രവേശനത്തെ ഉപയോഗിച്ചു. ശബരിമലയിൽ നിയമ നിർമാണം വേണമെന്നാണ് യുവതീ പ്രവേശന വിധിയെ പ്രതികൂലിക്കുന്നവർ ആവശ്യപ്പെടുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.