തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി. പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബഞ്ചിനു വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. അയ്യപ്പ വിശ്വാസികള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച കാര്യം കോടതി അംഗീകരിച്ചുവെന്ന് എം.ടി.രമേശ് പറഞ്ഞു. ഇനി സാങ്കേതികത്വം പറഞ്ഞ് അവിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ നോക്കരുതെന്നും ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികളെത്തിയാല്‍ തടയുമെന്നും എം.ടി.രമേശ് പറഞ്ഞു.

Read Also: Sabarimala Verdict Live Updates: ശബരിമല കേസ് വിശാല ബഞ്ചിന്; സ്ത്രീപ്രവേശനത്തിനു സ്റ്റേ ഇല്ല

പുനഃപരിശോധനാ ഹര്‍ജികളില്‍ വിശാല ബഞ്ച് ഉത്തരവിടുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ ശബരിമലയിലെ ആചാരം നിലനിര്‍ത്തണമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്‍ പറഞ്ഞു. ഇത് വിശ്വാസികളുടെ വിജയമാണ്. ശബരിമലയില്‍ ആചാരം നിലനിര്‍ത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. വിധി നടപ്പിലാക്കുമെന്ന് പറഞ്ഞ് അരാജകവാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും വി.മുരളീധരന്‍ പറഞ്ഞു.

അന്തിമ തീരുമാനം വരും വരെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. യുവതികളെ പ്രവേശിപ്പിച്ച് സര്‍ക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും കുമ്മനം പറഞ്ഞു. വിശ്വാസം സംരക്ഷിക്കപ്പെടണമെന്നും വിശാല ബഞ്ചില്‍ പ്രതീക്ഷയുണ്ടെന്നും പി.എസ്.ശ്രീധരന്‍ പിള്ളയും പറഞ്ഞു.

Read Also: യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞു: ഉമ്മന്‍ചാണ്ടി

രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിലാണ് വിധി പറഞ്ഞത്.

കേസ് വിശാല ബഞ്ചിലേക്ക് വിടണമെന്ന് മൂന്ന് ജസ്റ്റിസുമാർ വിധിയെഴുതി. രണ്ടു ജസ്റ്റിസുമാർ ഇതിനെ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ എന്നിവർ കേസ് വിശാല ബഞ്ചിനു വിടാൻ തീരുമാനിച്ചു. ജസ്റ്റിസ് ഡി.വെെ.ചന്ദ്രചൂഡ്, ജസ്റ്റിസ് ആർ.എഫ്.നരിമാൻ എന്നിവർ വിശാല ബഞ്ചിനു വിടുന്നതിനെ എതിർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.