പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ യുവതികൾ പ്രവേശിച്ചതിൽ നിരാശയും വേദനയുമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. ശബരിമല വിശ്വാസികൾക്കുള്ളതാണെന്നും അല്ലാതെ ആക്ടിവിസ്റ്റുകൾക്കുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

പിൻവാതിലിലൂടെ യുവതികളെ കയറ്റിയ പൊലീസ് നടപടി  നിരാശാജനകമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എസ്എൻഡിപി വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സാമുദായിക സംഘടനകളുടെ പിന്തുണയോടെ സംഘടിപ്പിച്ച് അന്തർദേശീയ ശ്രദ്ധയിൽ ഇടംപിടിച്ച വനിതാ മതിലിന്റെ ചെയർമാനായിരുന്നു വെളളാപ്പളളി.

ഇന്നു പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തങ്ങൾ ശബരിമല സന്ദർശിച്ച കാര്യം പുറത്തുവിട്ടതിന് പിന്നാലെ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഡിസംബർ 24 നായിരുന്നു മുൻപ് ഇവർ മല കയറാനെത്തിയത്. അന്ന് പ്രതിഷേധത്തെ തുടർന്ന് അവർക്ക് തിരിച്ചിറങ്ങേണ്ടി വന്നു.

ഐജിയുടെ അതിഥികൾ എന്ന് മാത്രമാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് പോലും വിവരം നൽകിയത്. അതീവ രഹസ്യമായാണ് സത്രീകളെ സന്നിധാനത്ത് എത്തിച്ചത്. പുലർച്ചെ ഒന്നരയോടെ പമ്പയിൽ നിന്ന് യാത്ര പുറപ്പെട്ട് മൂന്നരയോടെ ഇവർ സന്നിധാനത്തെത്തി. പിന്നീട് അധികം താമസിയാതെ ദർശനം നടത്തി അഞ്ച് മിനിറ്റിനകം താഴേക്കിറങ്ങുകയും ചെയ്തു.

മൂന്നു പൊലീസുകാർ ഇവരെ കറുത്ത വേഷത്തിൽ അനുഗമിച്ചിരുന്നു. ഇവർ ഇരുവരും ദർശനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പകർത്തി. സ്റ്റാഫ് ഗേറ്റ് കടന്നു യുവതികളെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന പൊലീസുകാർ ഈ സമയത്തു മാറിനിന്നു.

ദർശനം നടത്തിയ ശേഷം പമ്പയിൽ നിന്ന് അങ്കമാലിയിൽ പൊലീസ് വാഹനത്തിൽ എത്തിച്ച ഇരുവരെയും ഇപ്പോൾ തൃശൂർ ഭാഗത്തേക്കു കൊണ്ടുപോയെന്നാണ് വിവരം. ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ വ്യക്തമാക്കിയതോടെയാണ് പൊലീസും കൂട്ടുപോയത്.

ബിന്ദുവും കനകദുർഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തു നിന്നാണ് എത്തിയത്. പമ്പ വഴി സന്നിധാനത്തെത്തിയ ഇവർ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി ദർശനം നടത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.