ആലപ്പുഴ: ശബരിമലയില്‍ 50 വയസിൽ താഴെ പ്രായമുളള സ്ത്രീകൾ പ്രവേശനം നേടിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി. ആദ്യം വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച തുഷാർ വെളളാപ്പളളിയാണ് ഇപ്പോൾ സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് വന്നത്.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ സാഹചര്യം ഒരുക്കിയത് സർക്കാരിന്റെ തറവേലയാണെന്നാണ് തുഷാറിന്റെ പരസ്യ വിമർശനം. “ഇത് ജനാധിപത്യത്തിന് യോജിച്ച പ്രവർത്തിയല്ല. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച സർക്കാർ നടപടി തറവേലയാണ്,” തുഷാർ പറഞ്ഞു.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ യുടെ കൺവീനറാണ് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനായ തുഷാർ വെളളാപ്പളളി. സ്ത്രീകളെ പ്രവേശിപ്പിച്ച സർക്കാർ നടപടി ഭൂരിപക്ഷ സമുദായത്തെ വെല്ലുവിളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
“ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണിത്. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ മുഖ്യമന്ത്രി ശബരിമലയെ ഉപകരണമാക്കുകയാണ്,” തുഷാർ വെളളാപ്പളളി ആരോപിച്ചു.
തുഷാർ വെളളാപ്പളളി വനിതാ മതിലിനെ പിന്തുണച്ചിരുന്നുവെങ്കിലും അദ്ദേഹം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. വെളളാപ്പളളി നടേശന്റെ ഭാര്യയാണ് വനിതാ മതിലിൽ അണിനിരന്നത്.