തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീം കോടതി വിധി നടപ്പാക്കും. കോടതി വിധി മറിച്ചായാല്‍ അത് നടപ്പാക്കും. സര്‍ക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളെ വേണ്ട വിധം ചെറുക്കാനായില്ല. സുപ്രീം കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞവരെ വിശ്വസിച്ചവരാണ് വഞ്ചിക്കപ്പെട്ടത്. നവോത്ഥാനം വിശ്വാസികള്‍ക്ക് എതിരല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
“ശബരിമല വിഷയത്തിൽ സർക്കാരിന് സുപ്രീം കോടതി പറയുന്ന നിലപാടാണ് ഉള്ളത്. കോടതിവിധി മറിച്ചായാൽ അത് നടപ്പാക്കും. നവോത്ഥാനം വിശ്വാസത്തിനെതിരല്ല. അങ്ങനെ ചിലർ പ്രചരിപ്പിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരായ നിലപാടുകളാണ് നവോത്ഥാനം. ഇതെല്ലാം തമ്മിൽ വേർതിരിവുകളുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാനുള്ള സാധ്യതയുണ്ട്. അനുകൂലമായ അവസ്ഥയാണ് നിലനിൽക്കുന്നത്. എൽഡിഎഫിന് ജനങ്ങൾ വോട്ട് ചെയ്യാതിരിക്കേണ്ട സാഹചര്യം ഇല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്നും സാഹചര്യം മാറിയിട്ടുണ്ട്. സർക്കാരിനെതിരായ പ്രചരണങ്ങളെ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസിൽ ഇടപെട്ടത് വ്യക്തിപരമായ താത്പര്യം കൊണ്ടല്ലെന്നും നിയമപരമായി ചെയ്യനാകുന്നത് ചെയ്യാനാണ് പറഞ്ഞതെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയ പുനർനിർമാണത്തിൽ പുതിയ രീതികൾ ഉപയോഗിക്കേണ്ടതുണ്ട്. കെട്ടിടങ്ങളിൽ നിലവിലുള്ള നിർമണാരീത മാറണം. പ്രീ ഫാബ്രിക്കേറ്റഡ് നിർമാണരീതി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റ് രാജ്യങ്ങൾ ഇക്കാര്യത്തിൽ നമുക്ക് മുന്നിൽ മാതൃകയായി ഉണ്ട്. ലൈഫ്മിഷൻ പദ്ധതിയിൽ പുതിയരീതി ഉപയോഗിക്കാൻ സർക്കാർ ആലോചിക്കുകയാണ്. പുതിയരീതി സ്വീകരിക്കാൻ മലയാളിയുടെ മനോഭാവവും മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.