തിരുവനന്തപുരം: യുവതികൾ ശബരിമല ദർശനം നടത്തിയതിന്‍റെ പേരിൽ തന്ത്രി നട അടച്ചതിനെതിരേ രൂക്ഷ വിമർശനവുമായി സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍. ഇത് കേരളം തന്നെയാണോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സ്ത്രീകള്‍ പുതിയ ദലിതരാണോ എന്നും അദ്ദേഹം ചോദിച്ചു. ‘ശബരിമല ശുദ്ധിക്രിയകള്‍ക്ക് വേണ്ടി അടച്ചെന്നോ? ഇത് കേരളം തന്നെയാണോ? സ്ത്രീകള്‍ പുതിയ ദലിതരാണോ?​ സുപ്രിം കോടതി വിധി പിന്തുടരുക മാത്രമാണ് ബിന്ദുവും കനകദുര്‍ഗയും ചെയ്തത്. സ്ത്രീവിരുദ്ധതയും കോടതിയലക്ഷ്യവും നടത്തിയ തന്ത്രിയെ നീക്കം ചെയ്യണം,’ എന്‍.എസ്.മാധവന്‍ ആവശ്യപ്പെട്ടു.

തന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും സുപ്രീം കോടതി വിധി അദ്ദേഹം ലംഘിച്ചിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിയുടെ അടിസ്ഥാനത്തിലാണ് എല്ലാ പ്രായത്തിലുമുള്ള യുവതികൾക്ക് ശബരിമല ദർശനത്തിന് വഴിയൊരുങ്ങിയത്. ഇത് സാധ്യമല്ലെന്ന് തന്ത്രി പറയുന്നത് ഭരണഘടനാ ലംഘനമാണ്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തന്ത്രിയുടെ ഈ നടപടി സർക്കാർ ഗൗരവമായി കാണുമെന്നും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സായുധ പൊലീസിനെ അണിനിരത്തി ശബരിമലയിൽ യുവതികളെ കയറ്റണമെന്ന വാശി സർക്കാരിനുണ്ടായിരുന്നില്ല. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നത് മാത്രമാണ് സർക്കാരിനു മുന്നിലുള്ള വഴി. യുവതീപ്രവേശനം നടന്നതിന്‍റെ പേരിൽ തന്ത്രി നടയടച്ചത് സുപ്രീം കോടതിയും ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയും പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.