/indian-express-malayalam/media/media_files/uploads/2018/02/PS-Sreedharan-Pillai.jpg)
പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരൻ പിളള. ശബരിമലയില്‍ സിപിഎം ഗൂഢാലോചന നടത്തുന്നെന്ന് ബിജെപി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
'ഈ ഭരണകൂടം പ്ലാന്‍ ചെയ്താണ് കാര്യങ്ങള്‍ ചെയ്തത്. ശബരിമലയെ തകര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. സമചിത്തതയോടെ ഭക്തര്‍ ഇതിനെ കൈകാര്യം ചെയ്യണം. പ്രതിഷേധം ഉണ്ടാവണം. അമര്‍ഷം പൂണ്ട ജനങ്ങള്‍ ഈ കൊലച്ചതിക്ക് എതിരായി ജനാധിപത്യ മാര്‍ഗത്തില്‍ രംഗത്തിറങ്ങണം. ഇതിനെ വിജയിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്യുകയാണ്. നിയമാനുസൃതമായി മാത്രം പങ്കെടുക്കുക. ഒരിക്കലും സന്ധി ചെയ്യാനാവാത്ത ക്രൂരതയാണ് ഭരണകൂടം ചെയ്തത്. അവരുടെ കൊലച്ചിരി ഓരോ വിശ്വാസിയും മനസ്സില്‍ സൂക്ഷിച്ച് ഇതിനെതിരെ പ്രതികരിക്കണം,' ശ്രീധരൻ പിളള പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി ഹര്‍ത്താല്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ശ്രീധരൻ പിളള പ്രതികരിച്ചില്ല. കോടിയേരി ബാലകൃഷ്ണന്‍ പക്വത ഇല്ലാതെ എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
''എല്ലാം സിപിഎം പ്ലാന്‍ ചെയ്തതാണ്. കാലങ്ങളായി അവര്‍ ശബരിമലയ്ക്കെതിരെ ആസൂത്രണം നടത്തുന്നുണ്ട്. ശക്തമായ പ്രതിഷേധത്തിന് സംഘടനകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അവര്‍ മുഖ്യമന്ത്രിയുടെ രാജി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സര്‍ക്കാരില്‍ നിന്നും ഒരിക്കലും ക്ഷേത്ര വിശ്വാസികള്‍ക്ക് നീതി ലഭിക്കില്ല. വിശ്വാസികളുടെ മനസ്സിനേറ്റ മുറിവ് എപ്പോഴും ഓര്‍ക്കപ്പെടേണ്ടതാണ്. മറ്റ് മതവിശ്വാസികളോടും ഞാന്‍ ഇത് അറിയിക്കുകയാണ്. ഇതുപോലെയാണ് സിപിഎം വിശ്വാസത്തെ തകര്‍ക്കുകയെന്ന് മറ്റുളളവര്‍ മനസ്സിലാക്കണം.''
''വനിതാ മതില്‍ ശുദ്ധ പരാജയമായി മാറിയിട്ടുണ്ട്. എത്ര ആളുകളാണ് പങ്കെടുത്തത്. അവരുടെ ശക്തി ക്ഷയിച്ചതിന്റെ തെളിവാണിത്. ഈ ചെയ്യുന്ന തെറ്റുകള്‍ക്ക് എണ്ണി എണ്ണി മറുപടി പറയേണ്ടി വരും. അവരുടെ പിന്‍ഗാമികള്‍ പോലും അയ്യപ്പന്റെ ശാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ പോകുന്നില്ല,'' ശ്രീധരൻ പിളള പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.