ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയത് പ്രകോപനപരമായ നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. അനാവശ്യമായ എടുത്തു ചാട്ടമായിരുന്നു യുവതികളുടേതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

പതിനെട്ടാം പതി ചവിട്ടിയോ ഇരുമുടിക്കെട്ട് ചുമന്നോ അല്ല യുവതികള്‍ സന്നിധാനത്ത് എത്തിയതെന്നും, അതിനാല്‍ തന്നെ അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സംതൃപ്തി ലഭിച്ചിട്ടുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ശബരിമല ക്ഷേത്ര പ്രവേശനം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് പറഞ്ഞ ശശി തരൂര്‍, തങ്ങള്‍ സ്ത്രീ സമത്വത്തിനൊപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു.

യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്താകമാനം ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. പലയിടങ്ങളിലും ഹര്‍ത്താല്‍ വ്യാപകമായ അക്രമങ്ങളിലേക്ക് വഴിവച്ചിട്ടുണ്ട്. പാലക്കാട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമണം നടത്തിയത് സ്ഥിതി വഷളാക്കി.

വിവിധയിടങ്ങളില്‍ സിപിഎം ഓഫീസുകള്‍ക്കു നേരെ കല്ലേറും അക്രമങ്ങളും നടന്നിട്ടുണ്ട്. പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതക പ്രയോഗം നടത്തുകയും ചെയ്തു. അതേസമയം, എടപ്പാളില്‍ കടകള്‍ അടപ്പിക്കാന്‍ എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ തല്ലിയോടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.