തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച നടപടിയെ സ്വാഗതം ചെയ്ത് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍. യുവതീ പ്രവേശനം വഴി സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ഭൃന്ദ കാരാട്ട് പ്രതികരിച്ചു.
വന്‍മതിലുകള്‍ തകര്‍ത്ത് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു, കനക ദുര്‍ഗ എന്നീ സ്ത്രീകളുടെ പേരുകള്‍ ചരിത്രത്തിന്റെ ഓര്‍മ്മയില്‍ എന്നുമുണ്ടാകുമായിരുന്നുവെന്നും, മാധ്യമങ്ങളുടെ നിരുത്തരവാദിത്തപരമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ യുവതീ പ്രവേശനം കുറച്ചുകൂടി നേരത്തെ സാധ്യമാകുമായിരുന്നുവെന്നും എഴുത്തുകാരിയും, അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ ജെ.ദേവിക തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ശബരിമല പ്രവേശനത്തിനായി കേരളത്തില്‍ എത്തി മടങ്ങിപ്പോകേണ്ടി വന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും പ്രതികരണവുമായി രംഗത്തെത്തി. യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയതിനെ തന്ത്രിയുടെ നടപടിയെ തൃപ്തി എതിര്‍ത്തു. ശുദ്ധിക്രിയ നടത്തേണ്ടത് തന്ത്രിയുടെ മനസിലാണെന്നും തൃപ്തി ദേശായി വിമര്‍ശിച്ചു.
യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ തന്ത്രി നട അടച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ എന്‍.എസ്.മാധവനും രംഗത്തെത്തി. ഇത് കേരളം തന്നെയാണോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സ്ത്രീകള്‍ പുതിയ ദലിതരാണോ എന്നും അദ്ദേഹം ചോദിച്ചു. ‘ശബരിമല ശുദ്ധിക്രിയകള്‍ക്ക് വേണ്ടി അടച്ചെന്നോ? ഇത് കേരളം തന്നെയാണോ? സ്ത്രീകള്‍ പുതിയ ദലിതരാണോ?? സുപ്രിം കോടതി വിധി പിന്തുടരുക മാത്രമാണ് ബിന്ദുവും കനകദുര്‍ഗയും ചെയ്തത്. സ്ത്രീവിരുദ്ധതയും കോടതിയലക്ഷ്യവും നടത്തിയ തന്ത്രിയെ നീക്കം ചെയ്യണം,’ എന്‍.എസ്.മാധവന്‍ ആവശ്യപ്പെട്ടു.