നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങളെ, പ്രതിഷേധക്കാരുടെ ബഹളം മൂലം പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്ന് ബിന്ദു അമ്മിണി. തങ്ങളെ ഗസ്റ്റ് റൂമിലേക്കാണ് കൊണ്ടു പോകുന്നതെന്ന് പറഞ്ഞ് തിരിച്ചിറക്കുകയായിരുന്നുവെന്നും, ശബരിമലയില്‍ കയറാന്‍ അനുവദിക്കണമെന്നും ബിന്ദു പറഞ്ഞു. തങ്ങളില്‍ ആര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടില്ലെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

അതേസമയം, കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് പൊലീസ് പറയുന്നു. യുവതികളുമായി പൊലീസ് മലയിറങ്ങുകയാണ്. അപ്പാച്ചിമേടും മരക്കൂട്ടവും കഴിഞ്ഞതിന് ശേഷമാണ് മലയിറങ്ങുന്നത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് യുവതികള്‍ക്ക് നടപ്പന്തലില്‍ പ്രവേശിക്കാനായില്ല. സ്‌പെഷ്യല്‍ ഓഫീസറുടെ ആംബുലന്‍സിലാണ് ബിന്ദുവിനേയും കനക ദുര്‍ഗയേയും തിരിച്ചിറക്കിയത്. ഇവരെ പമ്പയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരേയും സർക്കാർ നിർദേശപ്രകാരമാണ് തിരിച്ചിറക്കിയതെന്നും പൊലീസ് പറയുന്നു.

രാവിലെ ഏഴുമണിയോടെയാണ് ഇരുവരും മല ചവിട്ടി തുടങ്ങിയത്. കാനന പാതയിലൂടെയായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പ്രതിഷേധം ശക്തമാകുകയും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. അതേസമയം, ബിന്ദു അമ്മിണിയുടെ വീടിനു മുന്നില്‍ ബിജെപി നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. ഇത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു ബിന്ദുവിന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.