Sabarimala Temple Review Petition: ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് നാല് റിട്ട് ഹര്‍ജികളും രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികളും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.

ബുധനാഴ്ച പരിഗണിക്കുന്ന കേസുകള്‍ കോടതി ലിസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. 56 പുനഃപരിശോധനാ ഹര്‍ജികളും വിധി നടപ്പാക്കാന്‍ സാവകാശം ചോദിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും. അതേസമയം, കോടതിയലക്ഷ്യ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നവയുടെ കൂട്ടത്തില്‍ ലിസ്റ്റ് ചെയ്തിട്ടില്ല.

യുവതീ പ്രവേശന വിധിക്കു ശേഷം ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവരും, ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തിയ രേഷ്മ നിഷാന്ത്, ഷനിലാ സതീഷ് എന്നിവര്‍ പുനഃപരിശോധന ഹര്‍ജികളെ എതിര്‍ത്തുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധിയെ അനുകൂലിച്ചുകൊണ്ട് കക്ഷിചേരാന്‍ അനുവദിക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

3.03 PM: വാദിക്കാൻ അവസരം ലഭിക്കാത്തവർക്ക് എഴുതി നൽകാൻ സമയം അനുവദിച്ചു. 7 ദിവസത്തെ സമയമാണ് അനുവദിച്ചത്

2.57 PM: ശബരിമല വിധിയുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹർജികളിൽ വാദം പൂർത്തിയായി. വിധി പറയാൻ മാറ്റി

2.47 PM: ദർശനം നടത്തിയ യുവതികൾക്ക് വധഭീഷണിയെന്ന് അഭിഭാഷക. ശുദ്ധികലശം തൊട്ടുകൂടായ്മയ്ക്ക് തെളിവാണ്. ശബരിമല കുടുംബ ക്ഷേത്രമല്ല, പൊതു ക്ഷേത്രമാണ്. വിശ്വാസികളെ സ്ത്രീയെന്നോ പുരുഷനെന്നോ ദൈവം കാണുന്നില്ല. ദൈവത്തിന് എല്ലാവരും തുല്യരാണെന്ന് ഇന്ദിര ജയ്സിങ്.

2.40 PM: ദേവസ്വം ബോർഡിന്റെ വാദം പൂർത്തിയായി. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു, കനകദുർഗ്ഗ എന്നിവർക്കായി അഡ്വ. ഇന്ദിര ജയ്സിങ് വാദിക്കുന്നു.

2.30 PM: യുവതികൾ കയറുന്നത് തടയാനാവില്ല. അയ്യപ്പ ഭക്തർ പ്രത്യേക വിഭാഗമല്ലെന്നും ദേവസ്വം ബോർഡ്. വിധിയിൽ പുനരാലോചന വേണ്ട.

2.15 PM: ആർത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് ദേവസ്വം ബോർഡ്. എല്ലാവർക്കും തുല്യാവകാശം എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങൾ ഉൾക്കൊണ്ടേ മതിയാകൂ. തുല്യതയില്ലാതാക്കുന്ന ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമെന്നും ദേവസ്വം ബോർഡ്

2.10 PM: ദേവസ്വം ബോർഡിന്റെ വാദം തുടങ്ങി. ദേവസ്വം ബോർഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദിക്കുന്നു

2.05 PM: പുനഃപരിശോധന ഹർജികളിൽ വീണ്ടും വാദം തുടങ്ങി

12.55 PM: ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞു. രണ്ടു മണിക്ക് വീണ്ടും ചേരും

12.40 PM: സംസ്ഥാന സർക്കാരിന്റെ എതിർവാദം തുടങ്ങി. സുപ്രീം കോടതി വിധി പുനഃപരിശോധിക്കേണ്ടെന്ന് കേരള സർക്കാരിനുവേണ്ടി ഹാജരായ അഡ്വ.ജയ്ദീപ് ഗുപ്ത. ആചാരവുമായി ബന്ധപ്പെട്ട് തന്ത്രി ആശയക്കുഴപ്പമുണ്ടാക്കുന്നു. ആചാരങ്ങളിൽ കോടതിക്ക് ഇടപെടാം

12.33 PM: വാദിക്കാനായി ബഹളം വച്ച അഭിഭാഷകർക്ക് ചീഫ് ജസ്റ്റിസിന്റെ താക്കീത്. മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിിൽ കോടതിയലക്ഷ്യ നടപടി എടുക്കും. കൂടുതൽ വാദങ്ങൾ എഴുതി നൽകാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

12.30 PM: ഒരേ വാദങ്ങൾ ആവർത്തിക്കപ്പെടുന്നു. ഒന്നോ രണ്ടോ വാദങ്ങൾ കൂടി കേൾക്കാം. കൂടുതൽ സമയം കളയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

12.15 PM: അഡ്വ.വെങ്കിട്ട രമണി, അഡ്വ.വെങ്കിട്ടരാമൻ എന്നിവരുടെ വാദം പൂർത്തിയായി. ആചാരമെന്തെന്ന് കോടതി തീരുമാനിക്കരുതെന്ന് ആർ.വെങ്കിട്ടരമണി.

11.50 AM: കോടതി ഇടപെടൽ മതാചാരത്തെ ബാധിക്കുമെന്ന് എൻ.വെങ്കിട്ടരാമൻ. യുവതീ പ്രവേശന വിലക്ക് അനിവാര്യമായ മതാചാരം. കേരള ഹൈക്കോടതി ദേവപ്രശ്നത്തിന് പ്രാധാന്യം നൽകിയാണ് ആചാരകാര്യം തീരുമാനിക്കുന്നത്. ആചാരം മാറ്റുമ്പോൾ ദേവപ്രശ്നം നടത്തണമെന്നും വെങ്കിട്ടരാമൻ

11.45 AM: ബ്രാഹമണ സഭയ്ക്കുവേണ്ടി അഡ്വ.ശേഖർ നാഫ്ഡേയുടെ വാദം പൂർത്തിയായി. ആചാരങ്ങളിൽ തീരുമാനം എടുക്കേണ്ടത് വിശ്വാസികളെന്ന് വാദം. റദ്ദാക്കിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം. വിശ്വാസം തീരുമാനിക്കാൻ ആക്ടിവിസ്റ്റുകൾക്ക് അവകാശമില്ലെന്നും ബ്രാഹ്മണ സഭയ്ക്കുവേണ്ടി ഹാജരായ നാഫ്ഡേ.

11.35 AM: ശബരിമല സയൻസ് മ്യൂസിയം അല്ല ക്ഷേത്രമാണെന്ന് അഭിഷേക് സിങ്‌വി. പ്രതിഷ്ഠയുടെ പ്രത്യേക സ്വഭാവം കാരണമാണ് ചിലർക്കുള്ള വിലക്ക്. നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താൽ പരിഹാരമുണ്ടാകുമെന്നും സിങ്‌വി. പ്രയാർ ഗോപാലകൃഷ്ണനുവേണ്ടിയാണ് സിങ്‌വി ഹാജരായത്

11.27 AM: യുവതികളെ തടയുന്നത് പ്രത്യേക മതാചാര പ്രകാരമാണ്.
വിഗ്രഹത്തിൽ തന്ത്രിക്ക് പ്രത്യേകാധികാരം ഉണ്ടെന്നും വി.ഗിരി. തന്ത്രിയുടെ അഭിഭാഷകന്റെ വാദം പൂർത്തിയായി.

11.25 AM: പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതീ പ്രവേശന വിലക്ക്. ആരാധനാലയങ്ങളിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്, പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ല. ശബരിമല യുവതീപ്രവേശന വിലക്ക് മതാചാരത്തിന്റെ അവിഭാജ്യ ഘടകമാണ്. പ്രാർത്ഥിക്കാൻ എത്തുന്നയാൾ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണമെന്ന് വി.ഗിരി

11.20 AM: എൻഎസ്എസിന്റെ വാദം പൂർത്തിയായി. തന്ത്രി കണ്ഠരര് രാജീവരരുടെ അഭിഭാഷകന്റെ വാദം തുടങ്ങി. തന്ത്രിക്കായി അഡ്വ.വി.ഗിരി വാദിക്കുന്നു

11.02 AM: യുവതീ പ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ല. വിധിയുടെ പ്രത്യാഘാതം മറ്റു മതങ്ങളിലുമുണ്ടാകുമെന്ന് എൻഎസ്എസ്

10.55 AM: ഭരണഘടനയുടെ 15(2) അനുച്ഛേദന പ്രകാരമാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ. തൊട്ടുകൂടായ്മ കുറ്റകരമാണ്.

10.50 AM: പൊതുസ്ഥലങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങൾക്ക് ബാധകമല്ല. ആരാധനാലയത്തെ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടുത്തിയത് തെറ്റ്. ക്ഷേത്രാചാരങ്ങൾ റദ്ദാക്കിയത് തെറ്റ്. ആചാരങ്ങൾ അസംബന്ധമാണെങ്കിൽ മാത്രമേ കോടതിക്ക് ഇടപെടാനാകൂ. 15-ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയാണ് പരാശരന്റെ വാദം.

10.40 AM: എൻഎസ്എസ്സിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ കെ.പരാശരൻ ആണ് ഹർജികളിൽ വാദം തുടങ്ങിവച്ചത്. വിധിയിൽ പിഴവുണ്ടെന്നും പ്രധാന വിഷയങ്ങൾ കോടതിക്ക് മുന്നിൽ എത്തിയില്ലെന്നും എൻഎസ്എസ്സിന്റെ വാദം

10.35 AM: ശബരിമല കേസിലെ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട അഞ്ചഗ ഭരണഘടന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

10.10 AM: വിധി എന്തായാലും അനുസരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ

9.51 AM: സുപ്രീം കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി

9.12 AM: വിധി അയ്യപ്പ ഭക്തൻമാർക്ക് അനുകൂലമായിരിക്കും എന്നു പ്രതീക്ഷിക്കുന്നുവെന്ന് പന്തളം കുടുംബാംഗം ശശികുമാര വർമ്മ

9.00 AM: രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് ഹർജികൾ പരിഗണിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.