പാലക്കാട്: സംസ്ഥാനത്ത് വ്യാപകമായി നടത്തുന്ന അക്രമത്തില്‍ പൊലീസിന്റെ സംരക്ഷണം ഉണ്ടാകുമെന്ന് അക്രമികള്‍ കരുതേണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കള്‍ പറയുന്നത് പൊലീസില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ഉണ്ടെന്നാണ്, അതൊരു സന്ദേശമാണെന്നും അതിനാല്‍ പൊലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി എ.കെ ബാലന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

അക്രമങ്ങളെ ശക്തമായി നേരിടുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ പിരിച്ചു വിടണം എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം കേരളത്തില്‍ ഉണ്ട്. അത് നടക്കില്ലെന്നും, പൊതു സമൂഹം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും എ.കെ ബാലന്‍ പറഞ്ഞു.

‘കുറേ ചാവേറുകളെ അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടിയത് ചാകാനാണ്. എന്നിട്ട് മുഖ്യമന്ത്രിയെ കൊലയാളിയായി ചിത്രീകരിക്കണം. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വച്ച് എന്റെ ഡ്രൈവറുടെ ഏറ്റവും സംയമനപരമായ ഇടപെടല്‍ മൂലമാണ് ഒരു സംഘപരിവാര്‍ വിദ്വാന്‍ രക്ഷപ്പെട്ടത്,’ മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.