തിരുവനന്തപുരം: യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നടയടച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്ത്രിയുടേത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറം സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദു അമ്മിണിയും ഇന്നു പുലര്‍ച്ചെ 3.45ഓടെയാണ് സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചു. ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയതായും മുഖ്യമന്ത്രി സ്ഥിരീകരിച്ചു.

മുഖ്യമന്ത്രിയുടെ സ്ഥിരീകരണം വന്നതിനു പിന്നാലെയാണ് തന്ത്രി നടയടച്ചത്. പരിഹാരക്രിയകള്‍ക്കായാണ് നടയടച്ചത്. എന്നാല്‍ പരിഹാര ക്രിയകള്‍ നടത്തേണ്ടതില്ലെന്നും അത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.

ശബരിമല വിഷയത്തിൽ ബിജെപി നടത്തുന്ന സമരത്തെ പരിഹസിച്ചു കൊണ്ടായിരുന്നു കോടിയേരിയുടെ പ്രതികരണം. സമരം നടത്തുന്നത് ആരാണെന്ന് നേതാക്കന്മാർക്കു പോലും അറിയില്ലെന്നും എന്തുകൊണ്ടാണ് പി.എസ്.ശ്രീധരൻ പിള്ള ഉപവാസ സമരം ഇരിക്കാത്തതെന്നും കോടിയേരി ചോദിച്ചു.

വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. നിയമത്തിന് പരിഹാര ക്രിയകളില്ലെന്നും ആചാര ലംഘനത്തിന് പരിഹാരക്രിയ കാണുമെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ