പത്തനംതിട്ട: ശബരിമല വിഷയത്തില്‍ അനാവശ്യമായ പ്രശ്നങ്ങളുണ്ടാക്കിയവരുടെ ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നുവെന്നും തത്പര കക്ഷികള്‍ക്കും വര്‍ഗീയ വാദികള്‍ക്കും ജനങ്ങളെ കബളിപ്പിക്കാന്‍ സാധിച്ചുവെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞുവെന്നും എല്ലാ വെല്ലുവിളികളേയും നേരിട്ട് ഭരണഘടനാ ദൗത്യം നിര്‍വഹിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും കടകംപള്ളി വ്യക്തമാക്കി.

‘പ്രധാനമായ ഭരണഘടനാ ദൗത്യം സര്‍ക്കാരിന് നിർവ്വഹിക്കേണ്ടതുണ്ടായിരുന്നു. ചില വര്‍ഗീയ വാദികള്‍, സ്ഥാപിത താല്‍പര്യക്കാര്‍ രാഷ്ട്രീയ മോഹത്തോടു കൂടി സുപ്രീംകോടതി വിധിയെ എതിര്‍ക്കാന്‍ ശ്രമിച്ചത് തീര്‍ഥാടനകാലത്ത് പ്രശ്നങ്ങള്‍ക്കിടയാക്കി. പക്ഷെ, അത് കേവലം രാഷ്ട്രീയ താല്‍പര്യമാണെന്ന് കേരളം മനസ്സിലാക്കി. അതുകൊണ്ട് ആ വെല്ലുവിളിയെ മറികടക്കാനായി,’ മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഭരണഘടനയും നീതിന്യായ വ്യവസ്ഥയും അത്യാവശ്യമാണെന്ന് കേരളീയര്‍ക്ക് മനസ്സിലാവുന്നുണ്ടെന്നും ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിയമവാഴ്ചയെ അട്ടിമറിക്കുന്നതും കേരളീയര്‍ കാണുന്നുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി തന്നെ നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന ബോധ്യം അവര്‍ക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളുടെ പ്രായം പരിശോധിക്കുന്നത് സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ലെന്നും വരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ദർശനത്തിനുള്ള അവസരം ഒരുക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നാളുകളായി നീണ്ടു നിന്ന പ്രശ്‌നങ്ങള്‍ക്കൊടുവില്‍ മകരവിളക്ക് ഉത്സവത്തിനും സംക്രമ പൂജയ്ക്കുമുള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് പൂര്‍ത്തിയായിരിക്കുകയാണ്. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് 5.30 ഓടെ ശരംകുത്തിയില്‍ എത്തിച്ചേരും. അവിടെ ഘോഷയാത്രയെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.