തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പരിഹാരക്രിയകള്‍ക്കായി നടയടച്ച തന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തന്ത്രി സ്ഥാനം ഒഴിഞ്ഞു പോകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നട അടച്ചത് വിചിത്രമായ നടപടിയാണെന്നും കേസിലെ കക്ഷിയായ ഒരാള്‍ തന്നെ സുപ്രീം കോടതി വിധി ലംഘിച്ചത് ശരിയല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ക്ഷേത്രം അടയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. വ്യക്തിപരമായ ആശയങ്ങള്‍ നടപ്പാക്കണമെങ്കില്‍ സ്ഥാനം രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാക്കിയതോടെ, വിശ്വാസത്തോടുള്ള ആദരവല്ല മറിച്ച് ഇന്ത്യന്‍ ഭരണഘടനയോടുള്ള ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്നും, ഇതല്ലാതെ മറ്റൊരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി മധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ എത്തിയ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരാണ് സഹകരിച്ചത്. അവര്‍ക്ക് സ്വാഭാവിക പ്രതിഷേധം ഇല്ലെന്നും, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ