തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ പ്രക്ഷോഭം ശക്തമാക്കാന്‍ ബി.ജെ.പി. ഇതിന്റെ ഭാഗമായി ഈ മാസം 18ന് സെക്രട്ടറിയേറ്റ് വളയാനാണ് തീരുമാനം. കൂടുതല്‍ ദേശീയ നേതാക്കള്‍ ഉപരോധത്തിനായി കേരളത്തിലെത്തിയേക്കും.

അതേസമയം പണി പൂര്‍ത്തിയാക്കിയ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തുടര്‍ന്ന് ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. ജനുവരി 27ന് തൃശൂരില്‍ യുവമോര്‍ച്ചാ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രിയെക്കൂടാതെ കൂടുതല്‍ ദേശീയ നേതാക്കളെയും പ്രമുഖരെയും രംഗത്തിറക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തുമെന്നാണ് വിവരം.

അതേസമയം, കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കണ്ണൂരിലും പ്രത്യേക സുരക്ഷയും ജാഗ്രതയും പുലര്‍ത്തുന്നതായി അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കളുടെ വീടിന് നേര്‍ക്ക് നടന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതായി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. നേതാക്കളുടെ വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

കഴിഞ്ഞ രാത്രിയില്‍ 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. ജില്ലയില്‍ പൊലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും സാമാന്യ ജീവിതം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ജില്ലാ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 9 കേസുകള്‍ അടൂരിലാണ്. അവിടെ അധികമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.