തിരുവനന്തപുരം: ബിജെപിക്കും സംഘപരിവാറിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തുന്നത് ആസൂത്രിത അക്രമമാണെന്നും രാഷ്ട്രീയ താത്പര്യത്തോടെയുള്ള ഇടപെടലുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ളത് സ്വാഭാവിക പ്രതിഷേധങ്ങളല്ലെന്നും ഒരു തരത്തിലുള്ള അക്രമങ്ങളേയും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏഴ് ഹര്‍ത്താലാണ് ബിജെപി നടത്തിയത്. അതില്‍ അഞ്ചെണ്ണം ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ്. അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.

Read More: Kerala Hartal Live: ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം; കടകള്‍ തുറന്ന് വ്യാപാരികള്‍

ഒക്ടോബര്‍ ഒന്നിന് ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കിയില്ലെന്ന് പറഞ്ഞ് ഹര്‍ത്താല്‍ നടത്തി. പിന്നീട് ഒക്ടോബര്‍ 18ന് പൊലീസ് നടപടിക്കെതിരെ എന്നു പറഞ്ഞ് ഹര്‍ത്താല്‍ നടത്തി. നവംബര്‍ രണ്ടിന് പന്തളത്ത് ഒരാള്‍ അപകടത്തില്‍ മരിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തി.

നവംബര്‍ 17ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തി. ഡിസംബര്‍ 11ന് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ നടത്തി. ഡിസംബര്‍ 14ന് ഒരു മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തി. 17 ന് സംസ്ഥാന ഹര്‍ത്താല്‍. ഇന്ന് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചു എന്നു പറഞ്ഞ് ഹര്‍ത്താല്‍ നടത്തുന്നു.

ആത്മഹത്യയുടെ പേരിലും അപകട മരണത്തിന്റെ പേരിലുമെല്ലാം ബിജെപിക്കാര്‍ ഹര്‍ത്താല്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഏറ്റവും ഒടുവില്‍ സ്വീകരിക്കേണ്ട ഒരു സമര രൂപമാണ് ഹര്‍ത്താല്‍, എന്നാല്‍ തോന്നുംപടി കള്ളക്കഥകള്‍ കെട്ടിച്ചമച്ചാണ് ബിജെപിയുടെ ഹര്‍ത്താലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ ഹര്‍ത്താല്‍ ആര്‍ക്കെതിരെയാണെന്ന് അദ്ദേഹം ചോദിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതു വഴി സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ