ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. മകരവിളക്കിനായി നട തുറന്നത് മുതല്‍ ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് ദിനംപ്രതി ദര്‍ശനം നടത്തുന്നത്. കേരളത്തില്‍ പലയിടങ്ങളിലും പ്രതിഷേധങ്ങളും അക്രമങ്ങളും നടക്കുന്നതിനിടെ ശബരിമല ശാന്തമാണ്. ചെറിയ തോതിലുളള പ്രതിഷേധങ്ങള്‍ പോലും ശബരിമലയില്‍ ഇല്ല.
പ്രതിഷേധങ്ങളെ നേരിടാനുളള ശക്തമായ സുരക്ഷയും ശബരിമലയില്‍ ഒരുക്കിയിട്ടുണ്ട്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്നുണ്ട്. സംസ്ഥാനത്തെ നിലവിലത്തെ അവസ്ഥ കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടിയേക്കും.
വെള്ളിയാഴ്ച തിരുവനന്തപരം നെടുമങ്ങാട്ടും നെയ്യാറ്റിൻകരയിലും അക്രമസംഭവങ്ങൾ ആവർത്തിച്ചപ്പോൾ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങൾ മാത്രമാണുണ്ടായത്. വെള്ളിയാഴ്ച പുലർച്ച നെടുമങ്ങാട്ട് സി.പി.എം, ബി.ജെ.പി പ്രവർത്തകരുടെ ആറു വീടുകൾ തകർത്തു. നെടുമങ്ങാട്, വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു ദിവസം കലക്ടർ കെ. വാസുകി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നെയ്യാറ്റിൻകരയിൽ സി.പി.എം ഓഫിസിനുനേരെ വെള്ളിയാഴ്ച പുലർച്ച പെട്രോൾ ബോംബെറിഞ്ഞു. മലയിൻകീഴിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വിദ്യാലയത്തിന് സമീപത്തുനിന്ന് ഒളിപ്പിച്ച നിലയിൽ ബോംബുകൾ പിടിച്ചെടുത്തു.
നെയ്യാർഡാമിന് സമീപം ബി.ജെ.പി പ്രവർത്തകന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. രണ്ടു ദിവസത്തെ സംഘ്പരിവാർ അഴിഞ്ഞാട്ടത്തിന് ശേഷം പാലക്കാട് ജില്ലയും ശാന്തമാണ്. നഗരത്തിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. അതേസമയം കണ്ണൂരില്‍ ഇപ്പോഴും അക്രമം തുടരുകയാണ്. ഇന്നലെ രാത്രി എഎന്‍ ഷംസീര്‍ എംഎല്‍എയുടേയും വി മുരളീധരന് എംപിയുടേയും വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി.
Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ