പത്തനംതിട്ട: ശബരിമല ദർശനം നടത്തി ചരിത്രം സൃഷ്ടിച്ച ബിന്ദുവിന്റേയും കനകദുർഗയുടേയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഇരുവരുടേയും കൊയിലാണ്ടിയിലേയും അങ്ങാടിപ്പുറത്തേയും വീടുകള്‍ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 24ന് പമ്പയിലെത്തിയ ഇരുവരുടേയും വീടിന് നേരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അക്രമസാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. അതേസയമം, ഇരുവരും ഇപ്പോള്‍ എവിടെയാണ് ഉളളതെന്ന വിവരം പുറത്തുവന്നിട്ടില്ല. പുലർച്ചെ പൊലീസ് സംരക്ഷണയിൽ മല ചവിട്ടിയ ഇരുവരെയും പിന്നീട് പമ്പ വഴി പത്തനംതിട്ടയിൽ എത്തിച്ചിരുന്നു. പിന്നീട് ഇവർ എവിടേയ്ക്ക് പോയെന്ന് അറിയില്ലെന്നാണ് പൊലീസ് വിശദീകരണം. നേരത്തേ സ്വകാര്യ ചാനലിനോട് മല കയറിയതിനെ കുറിച്ച് പ്രതികരിച്ച ബിന്ദു എവിടെയാണെന്ന് പറയാന്‍ തയ്യാറായിരുന്നില്ല.

നേരത്തേ ശബരിമലയിൽ ദർശനം നടത്താനെത്തിയ വിവരം മാധ്യമങ്ങള്‍ പുറത്ത് വിട്ടത് ഇരുവരുടേയും സുരക്ഷയെ ബാധിച്ചിരുന്നു. അതുകൊണ്ടാണ് ബിന്ദു കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ തയ്യാറാവാതിരുന്നത്. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 24ന് പമ്പയില്‍ എത്തിയത് മുതല്‍ കുടുംബങ്ങള്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അയ്യപ്പ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് ഇരുവരും അറിയിക്കുകയായിരുന്നു.

അതേസമയം, സുരക്ഷ കണക്കിലെടുത്ത് ഇരുവരെയും പൊലീസ് തന്നെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. യുവതികൾ മലകയറിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ 3.45ഓടെയാണ് യുവതികള്‍ ദര്‍ശനം നടത്തിയതെന്നും ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ തടസ്സങ്ങളൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More: ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് കെ. സുധാകരന്‍

ഡിസംബര്‍ 24ന്  സംരക്ഷണം കിട്ടാത്തതു കൊണ്ടായിരുന്നു ഇവര്‍ ദര്‍ശനം നടത്താതെ മടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം ദര്‍ശനത്തിനായി എത്തി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോയ ബിന്ദു അമ്മിണിയും കനക ദുര്‍ഗയുമാണ് ഇന്ന് പുലര്‍ച്ചെ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവുമാണ് ശബരിമല ദര്‍ശനം നടത്തിയത്. 45 വയസില്‍ താഴെ പ്രായമുള്ളവരാണിവര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.