ന്യൂഡല്‍ഹി: ശബരിമല കേസുകളില്‍ ഇനി വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. അഭിഭാഷകരുടെ വാദങ്ങള്‍ എഴുതി നല്‍കാമെന്നും, അതില്‍ എന്തെങ്കിലും കഴമ്പുണ്ടെന്നു തോന്നിയാല്‍ തുറന്ന കോടതില്‍ വാദത്തിന് അനുവദിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയാണ് തനിക്ക് വാദിക്കാനുള്ള അവസരം വേണമെന്ന് ആവശ്യപ്പെട്ടത്. ഒരു പുനഃപരിശോധനാ ഹര്‍ജിയും, ഒരു റിട്ട് ഹര്‍ജിയും ഉൾപ്പെടെ മാത്യൂസ് നെടുമ്പാറയുടെ രണ്ട് ഹര്‍ജികളാണ് സുപ്രീം കോടതിയ്ക്കു മുമ്പായി ഉള്ളത്.

പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. വാദിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് എഴുതി നല്‍കാന്‍ ഏഴു ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട് നാല് റിട്ട് ഹര്‍ജികളും രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികളും 56 പുനഃപരിശോധനാ ഹര്‍ജികളും ഉള്‍പ്പെടെ 65 ഹര്‍ജികളായിരുന്നു ഇന്നലെ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഉണ്ടായിരുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

ഒരേ വാദങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നുവെന്നും കൂടുതല്‍ സമയം കളയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറയുകയാണുണ്ടായത്. വാദിക്കാനായി ബഹളം വച്ച അഭിഭാഷകരെ അദ്ദേഹം താക്കീത് ചെയ്തു. മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ