തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 10 നും 50നും ഇടയില്‍ പ്രായമുള്ള രണ്ടു സ്ത്രീകള്‍ മാത്രമേ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍. നേരത്തെ 51 യുവതികള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി എന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ഇത് 17 ആക്കി തിരുത്തിയിരുന്നു.

ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന വാര്‍ത്തയില്‍ ഇതുവരെ സ്ഥിരീകരണം ഇല്ലെന്ന് മന്ത്രി പറഞ്ഞു. ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാരക്രിയ നടത്താന്‍ ദേവസ്വം മാന്വല്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അത്തരം സാഹചര്യമുണ്ടായാല്‍ ദേവസ്വം അധികാരികളുമായി കൂടിയാലോചിച്ച് തന്ത്രിക്ക് പരിഹാരക്രിയ നടത്താം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിയില്‍ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ