സെപ്റ്റംബര്‍ 28, 2018 – ഇന്ത്യന്‍ സ്ത്രീ ചരിത്രത്തിന്, പ്രത്യേകിച്ച് കേരള സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഏറെ പ്രധാനപ്പെട്ടൊരു ദിവസമായിരുന്നു  ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ട് പരമോന്നത നീതി പീഠം വിധി പ്രസ്താവം നടത്തിയ ആ ദിവസം.  വിധി പ്രസ്താവിച്ചു 98 ദിവസം തികയുമ്പോള്‍, ഏറെ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയിലൂടെ രണ്ടു സ്ത്രീകള്‍ ശബരിമല സന്നിധാനത്തെത്തി ദര്‍ശനം നടത്തി മടങ്ങിയിരിക്കുന്നു.  ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവരാണ്‌ പോലീസ് സംരക്ഷണത്തോടെ ക്ഷേത്ര സന്നിധിയില്‍ എത്തിയത്.  ഇവരുടെ സന്ദര്‍ശനത്തെ ആചാരലംഘനം എന്ന് ചൂണ്ടിക്കാട്ടി ശബരിമല ക്ഷേത്ര നട അടച്ചു ശുദ്ധിക്രിയ നടത്തി.  ഇതിനെ അനുകൂലിച്ചും എതിര്‍ത്തും പല കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു.  അതോടൊപ്പം തന്നെ പല വിധ  പ്രതിഷേധങ്ങള്‍ക്കും കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നു.

 

ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലെ അഞ്ചംഗ ബെഞ്ചാണ് ഐതിഹാസികമായ ശബരിമല വിധിപ്രസ്താവം നടത്തിയത്. ശബരിമലയില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ ലിംഗ അസമത്വമാണ് നടക്കുന്നതെന്നും ഹിന്ദു സ്ത്രീകളുടെ അവകാശങ്ങള്‍ക്കു നേരെയുള്ള കൈകടത്തലാണിതെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. വിധിയുടെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം.

Read More: Supreme Court Sabarimala temple judgment

സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ദിവസം മുതല്‍ പ്രതിഷേധങ്ങളും വിയോജിപ്പുകളുമായി ബിജെപിയും കോണ്‍ഗ്രസും വിവിധ ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു. അതേസമയം വിധിയെ സ്വാഗതം ചെയ്തുകൊണ്ട് കേരളത്തിനു പുറത്തു നിന്നു പോലും സ്ത്രീകളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തി.

വിധിക്കു ശേഷം ആദ്യമായി ശബരിമല നട തുറക്കുന്നത് ഒക്ടോബര്‍ 17നായിരുന്നു. അന്ന് ദര്‍ശനത്തിനായി ആന്ധ്രാപ്രദേശിൽ നിന്നും മാധവി എന്ന 45കാരി കുടുംബത്തോടൊപ്പം എത്തി. എന്നാൽ പ്രതിഷേധം ശക്തമായതോടെ മല ചവിട്ടാനാകാതെ ഇവർ തിരിച്ചു പോയി. നിലയ്ക്കലും പമ്പയിലും റിപ്പോര്‍ട്ടിങിനായി എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.

sabarimala ,protest

ഫൊട്ടോ : ഹരികൃഷ്ണന്‍ കെ.ആര്‍

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറായ സുഹാസിനി രാജാണ് പൊലീസ് സംരക്ഷണത്തോടെ ആദ്യം സന്നിദ്ധാനത്തേക്ക് പുറപ്പെട്ട മാധ്യമപ്രവർത്തക. എന്നാൽ പ്രതിഷേധത്തിനും കയ്യേറ്റശ്രമത്തിനുമൊടുവിൽ സുഹാസിനി ശ്രമമുപേക്ഷിച്ച് മടങ്ങുകയായിരുന്നു. ആരുടെയും വികാരത്തെ മുറിപ്പെടുത്തി സന്നിധാനത്തേക്കില്ലെന്നായിരുന്നു സുഹാസിനിയുടെ പ്രതികരണം.

സുഹാസിനി രാജ്

പിന്നീട് രണ്ട് ദിവസത്തിന് ശേഷം ഒക്ടോബർ 19ന് രഹ്ന ഫാത്തിമയും ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിതയും പൊലീസ് സംരക്ഷണത്തോടെ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെ യാത്ര പൂര്‍ത്തിയാക്കാതെ ഇരുവര്‍ക്കും മടങ്ങേണ്ടി വന്നു.

നവംബർ ഏഴിന് തൃശൂർ സ്വദേശിയായ ലളിത എന്ന 52കാരി തന്റെ കൊച്ചുമകന്റെ ചോറൂണിനായി ശബരിമലയിൽ എത്തുകയും, ഇവരുടെ പ്രായം പരിശോധിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ രംഗത്തെത്തുകയും ചെയ്തതോടെ ക്ഷേത്ര പരിസരം സംഘർഷഭരിതമായി. ഇവർക്കൊപ്പമെത്തിയ യുവാവിനെ പ്രതിഷേധക്കാർ അക്രമിക്കുകയും ചെയ്തു. ഒടുവിൽ പൊലീസിന്റെ സംരക്ഷണ വലയത്തിലാണ് ഇവർ ദർശനം നടത്തി തിരിച്ചിറങ്ങിയത്. ഇതേ തുടർന്ന് നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തു.

ബിജെപി പ്രതിഷേധം

നവംബർ 16ന്, നട തുറക്കുന്നതിന് ഒരു ദിവസം മുൻപായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയെ പൊലീസ് കരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു. രാത്രിയിൽ ക്ഷേത്രത്തിൽ തുടരാനാകില്ലെന്ന പൊലീസ് ഉത്തരവിനെ ലംഘിക്കാൻ ശശികല മുതിർന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്. അടുത്ത ദിവസം ശശികലയ്ക്ക് ജാമ്യം നൽകുകയും ചെയ്തു.

Read More: അപ്രതീക്ഷിതം തൃപ്തി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തി; വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം

തൊട്ടടുത്ത ദിവസമാണ് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിനായി മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലെത്തിയത്. എന്നാൽ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തിയേയും സംഘത്തേയും പുറത്തിറങ്ങാൻ അനുവദിക്കാതെ പ്രതിഷേധക്കാർ വളഞ്ഞു. ഒടുവിൽ അന്നേദിവസം രാത്രി തൃപ്തി ദേശായി തിരിച്ചു പോയി.

Read More: ശബരിമലയിൽ ദർശനം നടത്തി ട്രാൻസ്ജെൻഡറുകൾ

കൃത്യം ഒരു മാസത്തിന് ശേഷം ഡിസംബർ 17ന് നാല് ട്രാൻസ് ജെൻഡർ യുവതികൾക്ക് ശബരിമലയിൽ ദർശനം നടത്താൻ അനുവാദം ലഭിക്കുകയും പൊലീസ് സംരക്ഷണയോടെ 18ന് ഇവർ ദർശനം നടത്തുകയും ചെയ്തു. ഡിസംബർ 22ന് തമിഴ് നാട്ടിൽ നിന്നുള്ള മനിതി സംഘം 12 സ്ത്രീകളുമായി ക്ഷേത്ര ദർശനത്തിന് എത്തി. വീണ്ടും പ്രതിഷേധം ആളിക്കത്തുകയും. ദർശനം നടത്താനാകാതെ മനിതി സംഘവും മടങ്ങി. തൊട്ടടുത്ത ദിവസം കൊയിലാണ്ടി സ്വദേശി ബിന്ദു അമ്മിണിയും മലപ്പുറം സ്വദേശി കനകദുർഗയും ദർശനത്തിനായി എത്തി. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇവരും മറ്റ് 11 സ്ത്രീകളും തിരിച്ചു പോയി. അതേസമയം, തങ്ങൾ തിരിച്ചു വരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിന്ദുവും കനക ദുർഗയും യാത്ര പകുതിയിൽ നിർത്തിയത്.

സുപ്രീം കോടതി വിധിയേയും ഭരണഘടനാ അവകാശങ്ങളേയും ഉയർത്തിപ്പിടിച്ചു കൊണ്ട് പുതുവർഷ ദിനത്തിൽ സർക്കാർ വനിതാ മതിൽ സംഘടിപ്പിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സ്ത്രീകൾ കൈകോർത്തു. തൊട്ടടുത്ത ദിവസം, അതായത് വിധി പുറത്തുവന്ന് കൃത്യം 96ാം ദിവസം ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് രണ്ട് സ്ത്രീകള്‍ സന്നിദ്ധാനത്ത് ദര്‍ശനം നടത്തിയിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.