ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തി സുപ്രീം കോടതി. ശബരിമല ഭരണ നിര്‍വഹണത്തിന് പ്രത്യേക നിയമ വേണമെന്ന് സുപ്രീം കോടതി പറഞ്ഞു. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടപ്പോഴാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ ഇന്നുതന്നെ മറുപടി വേണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പന്തളം കൊട്ടാരം ഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എന്‍.വി.രമണ നിര്‍ണായക പരാമര്‍ശങ്ങളാണ് നടത്തിയത്. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടും സുപ്രീം കോടതി ചില സുപ്രധാന ചോദ്യങ്ങള്‍ ചോദിച്ചു.
Read Also: ശബരിമല: വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില അറിയാം
ശബരിമലയില്‍ വര്‍ഷത്തില്‍ 50 ലക്ഷത്തോളം തീര്‍ഥാടകര്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. ശബരിമലയ്ക്ക് വേണ്ടി മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതിന് എന്താണ് തടസമെന്ന് സുപ്രീം കോടതി ചോദിച്ചു. ശബരിമലയ്ക്ക് അത്തരമൊരു നിയമം കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടെന്നും കോടതി പറഞ്ഞു.
സ്ത്രീപ്രവേശന വിഷയത്തില്‍ ഏഴംഗ ഭരണഘടനാ ബഞ്ച് മറ്റൊരു വിധി പറയുകയാണെങ്കില്‍ ശബരിമലയില്‍ ലിംഗ സമത്വം എങ്ങനെ ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. വിധി എതിരായാല്‍ ശബരിമലയില്‍ യുവതികളെ ജീവനക്കാരായി നിയമിക്കാന്‍ അത് തടസമാകില്ലേ എന്നും കോടതി ചോദിച്ചു.